ബെഗളൂരു: അര്‍ഹമായ സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കര്‍ണാടക ഹൈക്കോടതി ജഡ്ജി രാജിവെച്ചു. ജസ്റ്റിസ് ജയന്ത് പട്ടേല്‍ ആണ് രാജിവെച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥാനക്കയറ്റം ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നിട്ടും അത് തടഞ്ഞുവെക്കുന്നതായി ആരോപിച്ചാണ് ജയന്ത് പട്ടേല്‍ രാജിവെച്ചത്. 

സുപ്രീം കോടതി ജഡ്ജിയായോ ഏതെങ്കിലും ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയോ ജയന്ത് പട്ടേലിന് സ്ഥാനക്കയറ്റം നല്‍കണമെന്ന ആവശ്യം മുന്‍പ് പലതവണ ഉയര്‍ന്നുവന്നിരുന്നു. അടുത്തിടെ സമാനമായ നിയമനം ലഭിച്ച ജഡ്ജിമാരേക്കാള്‍ സിനിയോരിറ്റി ഉള്ള ആളാണ് ജയന്ത് പട്ടേല്‍ എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. 

വിവാദമായ ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് ജയന്ത് പട്ടേല്‍ ആയിരുന്നു. ഇത് ജയന്ത് പട്ടേലിന് വിനയായതായി ആരോപണം ഉയര്‍ന്നിരുന്നു. ജഡ്ജിമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിലുള്ള രാഷ്ട്രീയ ഇടപെടലാണ് ജയന്ത് പട്ടേലിന്റെ സ്ഥാനക്കയറ്റം തടയപ്പെടാന്‍ ഇടയാക്കുന്നതെന്നും നിയമ വൃത്തങ്ങളില്‍നിന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

ജയന്ത് പട്ടേലിന്റെ രാജിയിലേയ്ക്കു നയിച്ച സംഭവങ്ങളില്‍ ഗുജറാത്ത് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ അപലപിച്ചു. രാജ്യത്തെ നിയമസംവിധാനത്തിനേറ്റ മാരകമായ പ്രഹരമാണിതെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അസിം പാണ്ഡ്യ പറഞ്ഞു. ജഡ്ജിമാര്‍ അവരുടെ വിധിപ്രസ്താവങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെടാന്‍ തുടങ്ങിയാല്‍ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ കടലാസില്‍ മാത്രമായി ഒതുങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.