ഹര്‍ജി തള്ളി; ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി


പ്രതീകാത്മക ചിത്രം | Photo : ANI

  • സ്‌കൂളുകളില്‍ ഹിജാബിന് വിലക്ക് തുടരും
  • അവിഭാജ്യ ഘടകമല്ലെന്ന് ഹൈക്കോടതി

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച് കര്‍ണാടക ഹൈക്കോടതി. ഇസ്ലാമിക വിശ്വാസ പ്രകാരം ഹിജാബ് ധരിക്കുന്നത് മതപരമായി അവിഭാജ്യ ഘടകമല്ലെന്ന്‌ കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചു. യൂണിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാനാവില്ലെന്നും കോടതി പറഞ്ഞു. ക്ലാസ് മുറിയില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ പി.യു. കോളേജ് വിദ്യാര്‍ഥിനികള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്‌

വിധി പ്രഖ്യാപനത്തിന് മുന്നോടിയായി ബെംഗളൂരു നഗരത്തില്‍ ചൊവ്വാഴ്ച മുതല്‍ 21-വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടികള്‍, ആഹ്ലാദപ്രകടനങ്ങള്‍, കൂടിച്ചേരലുകള്‍ എന്നിവ പാടില്ലെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ കമാല്‍ പന്ത് ഉത്തരവില്‍ വ്യക്തമാക്കി. ധര്‍വാദ്, കല്‍ബുര്‍ഗി ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശിവമോഗ ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ സ്‌കൂളുകളും കോളേജുകളും ചൊവ്വാഴ്ച അടഞ്ഞുകിടക്കുകയാണ്‌.

ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 11 ദിവസം വാദം കേട്ട ശേഷമാണ് കേസില്‍ വിധിപറഞ്ഞിരിക്കുന്നത്. ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ജെ.എം. ഖാസി എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാര്‍. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ ഏകാംഗബെഞ്ച് രണ്ടുദിവസത്തെ വാദം കേട്ടശേഷം ഹര്‍ജികള്‍ വിശാലബെഞ്ചിനു വിടുകയായിരുന്നു.

റംസാന്‍ കാലത്ത് ഹിജാബ് ധരിക്കാന്‍ അനുവദിച്ച് ഇടക്കാല ഉത്തരവിറക്കണമെന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ വിദ്യാര്‍ഥിനികളുടെ അഭിഭാഷകന്‍ വിനോദ് കുല്‍ക്കര്‍ണി ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയിരുന്നു. ഹിജാബ് ധരിക്കണമെന്ന് ഖുര്‍ ആനിലില്ലെന്ന വാദത്തെ വിനോദ് കുല്‍ക്കര്‍ണി എതിര്‍ത്തിരുന്നു. 1400 വര്‍ഷം പഴക്കമുള്ള ആചാരമാണ് ഹിജാബ് ധരിക്കലെന്നും അത് സമൂഹത്തിന്റെ പൊതുവ്യവസ്ഥയെയോ ധാര്‍മികതയെയോ ആരോഗ്യത്തെയോ ബാധിക്കുന്നില്ലെന്നും പറഞ്ഞു. ഹിജാബ് നിരോധിച്ചപ്പോഴാണ് പ്രശ്‌നങ്ങളുണ്ടായതെന്നും അദ്ദേഹം വാദിച്ചിരുന്നു.

ജനുവരിയിലാണ് സംസ്ഥാനത്ത് ഹിജാബ് വിവാദം രൂക്ഷമായത്. ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളേജിലാണ് ഹിജാബ് വിവാദം തുടങ്ങിയത്. ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധംപിടിച്ച ആറു വിദ്യാര്‍ഥിനികളെ ക്ലാസില്‍നിന്നും പുറത്താക്കിയതോടെയായിരുന്നു ഇത്. തുടര്‍ന്ന് ഈ വിദ്യാര്‍ഥിനികള്‍ സമരരംഗത്തെത്തി. പ്രതിഷേധം ശക്തിയാര്‍ജിക്കുന്നതിനിടെ കോളേജുകളില്‍ യൂണിഫോം കോഡ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെയാണ് പ്രതിഷേധം കൂടുതല്‍ കോളേജുകളിലേക്ക് പടര്‍ന്നത്. ഇതിനിടെ കാവിഷാള്‍ ധരിച്ച് മറ്റൊരുവിഭാഗം വിദ്യാര്‍ഥികളും എത്തിയതോടെ പല കാമ്പസുകളും സംഘര്‍ഷത്തിന് വഴിമാറുകയായിരുന്നു.

ഉഡുപ്പി കോളേജില്‍ സമരരംഗത്തിറങ്ങിയ ആറുപേരുള്‍പ്പെടെ ഏഴ് വിദ്യാര്‍ഥിനികളാണ് ഹിജാബ് വിലക്കിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് മറ്റു ചിലരും ഹര്‍ജികള്‍ നല്‍കി. വിലക്കിനെതിരേ വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ രണ്ടുദിവസം വാദം കേട്ട ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്തിന്റെ സിംഗിള്‍ ബെഞ്ച് ഹര്‍ജി വിശാലബെഞ്ചിലേക്ക് നിര്‍ദേശിക്കുകയായിരുന്നു. ഫെബ്രുവരി പത്തിനാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ഖാസി ജൈബുന്നീസ മൊഹിയുദ്ദീന്‍ എന്നിവരടങ്ങിയ വിശാലബെഞ്ച് വാദംകേട്ടുതുടങ്ങിയത്.

ഹര്‍ജികളില്‍ അന്തിമതീര്‍പ്പുണ്ടാകുന്നതുവരെ യൂണിഫോം നിര്‍ബന്ധമാക്കിയ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് ഉള്‍പ്പെടെയുള്ള മതപരമായ വസ്ത്രങ്ങള്‍ വിലക്കി വിശാലബെഞ്ച് ഇടക്കാല ഉത്തരവിട്ടിരുന്നു.

Content Highlights: Karnataka HC dismisses petitions challenging ban on hijab, says not essential religious practice


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented