ബെംഗളൂരു:  പോലീസ് വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുന്നതിന് കാരണമായ ബെംഗളൂരു കലാപക്കേസില്‍ യു.എ.പി.എ., ഗുണ്ട ആക്ട് എന്നിവ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം..

കേസില്‍ ഈ നിയമങ്ങളിലെ ശക്തമായ വകുപ്പുകള്‍ കൂടി ചുമത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെയും തമ്മില്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.  

മാത്രമല്ല, കലാപം നടന്ന ഡിജെ ഹള്ളിയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ക്ലെയിം കമ്മീഷണറിനെ നയമിക്കുന്നതിന് അനുവാദം തേടി ഹൈക്കോടതിയെ സമീപിക്കാനും സര്‍ഡക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കലാപത്തേപ്പറ്റി അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഗുണ്ട ആക്ട്, യു.എ.പി.എ. എന്നീ നിയമങ്ങളിലെ വകുപ്പുകള്‍ കേസില്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ കൈക്കൊള്ളും. 

കോണ്‍ഗ്രസ് എം.എല്‍.എ. അഖണ്ഡ ശ്രീനിവാസയുടെ ബന്ധു ഫെയ്‌സ്ബുക്കില്‍ വിദ്വേഷകരമായ പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് കലാപം ഉണ്ടായത്. സംഭവത്തില്‍ കുറ്റവാളികളായവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെയ് പറഞ്ഞു. കലാപത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന എസ്ഡിപിഐയെ നിരോധിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. 

അതേസമയം, സമൂഹമാധ്യമങ്ങള്‍ വഴി സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇത്തരം സേവനങ്ങള്‍ നല്‍കുന്ന കമ്പനികളുടെ ഇന്ത്യയിലെ മേധാവികളുമായി സര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തും. സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നും സൂചനകളുണ്ട്. 

കലാപത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ ഓഗസ്റ്റ് 18 വരെ നീട്ടിയിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് മൊത്തം 264 പേരാണ് ഇതുവരെ അറസ്റ്റിലായത്.

Content Highlights: Karnataka govt to invoke UAPA, Goonda Act in Bengaluru violence case