കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ, കർണാക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ജെഡിഎസ് നേതാവ് കുമാരസ്വാമി
ബെംഗളൂരു: 65.69 ശതമാനം പോളിങ്ങോടെ അവസാനിച്ച കര്‍ണാടക നിയമസഭാ വോട്ടെടുപ്പിൽ കനത്ത പോരാട്ടം നടന്നതായി എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. കോണ്‍ഗ്രസിന് മുന്‍തൂക്കവും തൂക്കുസഭയ്ക്കുള്ള സാധ്യതകളും പ്രവചിക്കുന്നു. തൂക്കുസഭയ്ക്ക് സാധ്യത കല്‍പിക്കുന്ന മിക്ക ഏജന്‍സികളും ജെഡിഎസ് വീണ്ടും കറുത്ത കുതിരയായി മാറുമെന്നാണ് പറയുന്നത്. അതേസമയം, കേവലഭൂരിപക്ഷം നേടില്ലെങ്കിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് കൂടുതല്‍ ഏജന്‍സികളും പറയുന്നു. ഇതിനിടെ ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വേ 122 മുതല്‍ 140 സീറ്റുകളോടെ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലേറുമെന്നും പ്രവചിച്ചിട്ടുണ്ട്.
ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളും ഉയര്‍ത്തി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ സര്‍വേകളില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. എന്നാല്‍, അവസാന ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടത്തിയ പ്രചാരണമാണ് ബിജെപിക്ക് ആശ്വാസം നല്‍കുന്നത്. 2018-ലെ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനാകാത്തതിനെ തുടര്‍ന്ന് ജെഡിഎസ് കിങ്‌മേക്കറായി മാറിയിരുന്നു.
224 അംഗ കര്‍ണാടക നിയമസഭയിലേക്ക് കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. ഇന്ന് നടന്ന വോട്ടെടുപ്പിൽ 65.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്തിമ കണക്കുകളില്‍ ഇതിൽ നേരിയ മാറ്റംവന്നേക്കാം.
പ്രധാന ഏജന്‍സികളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ-
എബിപി ന്യൂസ് സി വോട്ടര്‍- കോണ്‍ഗ്രസ് 81-101, ബിജെപി 66-86, ജെഡിഎസ് 20-27
റിപ്പബ്ലിക് ടിവി പി മാര്‍ക്യു- കോണ്‍ഗ്രസ് 94-108, ബിജെപി 85-100, ജെഡിഎസ് 24-32
സീ ന്യൂസ് മാട്രിസ്- കോണ്‍ഗ്രസ് 103-118, ബിജെപി 79-94, ജെഡിഎസ് 25-33
ഇന്ത്യ ടിവി സിഎന്‍എക്‌സ്- കോണ്‍ഗ്രസ് 110-120, ബിജെപി 80-90, ജെഡിഎസ് 21-29
ടൈംസ് നൗ ഇടിജി- കോണ്‍ഗ്രസ് 113, ബിജെപി 85, ജെഡിഎസ് 23
ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ- കോണ്‍ഗ്രസ് 122-140, ബിജെപി 62-80, ജെഡിഎസ് 20-25
Content Highlights: Karnataka Exit Polls 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..