ഡി.കെ.ശിവകുമാറും സിദ്ധരാമയ്യയും |ഫോട്ടോ:PTI
ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി ആരാകും എന്നത് സംബന്ധിച്ച് ഇന്ന് രാത്രിയോടെ അന്തിമ തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രി കസേരയ്ക്കായി രംഗത്തുള്ള പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറും ഇന്ന് വൈകീട്ടോടെ ഡല്‍ഹിയിലെത്തും. വൈകീട്ട് 3.30 ഓടെ ഇരുവരും ഹൈക്കമാന്‍ഡിനെ കാണുമെന്നാണ് സൂചന.
ഇതിനിടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി ഹൈക്കമാന്‍ഡ് നിയോഗിച്ച നിരീക്ഷക സംഘം എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ശേഷം ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. നിയമസഭാ കക്ഷി നേതാവായി ഓരോ എംഎല്‍എമാരും നിര്‍ദേശിക്കുന്ന ആളുടെ പേര് വോട്ടായി തന്നെ നിരീക്ഷക സംഘം ഞായറാഴ്ച രേഖപ്പെടുത്തിയെന്നാണ് വിവരം.
ആര് മുഖ്യമന്ത്രിയാവണം എന്നതില്‍ ഞായറാഴ്ച ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനമായിരുന്നില്ല. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തി ഒറ്റവരി പ്രമേയം പാസാക്കി നിയമസഭാ കക്ഷി യോഗം പിരിയുകയായിരുന്നു.
നിരീക്ഷകര്‍ സമാഹരിച്ച എംഎല്‍എമാരുടെ വോട്ടുകള്‍ഹൈക്കമാന്‍ഡ് പരിശോധിക്കും. നിരീക്ഷക സംഘം തങ്ങളുടെ റിപ്പോര്‍ട്ട് ഖാര്‍ഗെ, സോണിയ, രാഹുല്‍, പ്രിയങ്ക തുടങ്ങിയവരുടെ മുന്നില്‍ വെച്ച ശേഷം ചര്‍ച്ചകള്‍ നടത്തും.
ഇതിന് ശേഷമായിരിക്കും ഡി.കെ.ശിവകുമാറിനേയും സിദ്ധരാമയ്യയേയും നേതൃത്വം ഔദ്യോഗികമായി ഡല്‍ഹിയിലേക്ക് വിളിപ്പിക്കുക. ക്ഷണിച്ചാലുടന്‍ ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ ഇരുനേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, ദീപക് ബാബറിയ, ജിതേന്ദ്ര സിങ് അല്‍വാര്‍ എന്നിവരെയാണ് ഹൈക്കമാന്‍ഡ് നിരീക്ഷകരായി നിയോഗിച്ചിരുന്നത്.
ഇതിനിടെ ഡി.കെ.ശിവകുമാറിനേയും സിദ്ധരാമയ്യയേയും പിന്തുണച്ച് അവരുടെ വസതികളില്‍ പ്രവര്‍ത്തകര്‍ ഇന്ന് രാവിലെയും തടിച്ചുകൂടിയിട്ടുണ്ട്. വസതിയിലെത്തിയ പ്രവര്‍ത്തകരുടെ പൂമാല സ്വീകരിച്ച ശേഷം
ശിവകുമാര്‍ എംഎല്‍എമാരെ കാണാനായി ബെംഗളൂരുവിലെ ഹോട്ടലിലെത്തി.
Content Highlights: karnataka election result-Siddaramaiah, DK Shivakumar To Meet Congress Top Brass In Delhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..