സി.കെ.രാമമൂർത്തി, സൗമ്യ റെഡ്ഡി | Photo: facebook.com/CKRamamurthy & facebook.com/sowmyareddyofficial
ബെംഗളൂരു: മണിക്കൂറുകള്‍നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ബെംഗളൂരു ജയനഗര്‍ മണ്ഡലത്തിലെ ഫലം പ്രഖ്യാപിച്ചു. ബി.ജെ.പി. സ്ഥാനാര്‍ഥി സി.കെ.രാമമൂര്‍ത്തിയാണ് ജയനഗറില്‍ വിജയിച്ചത്. 16 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാമമൂര്‍ത്തിയുടെ വിജയം.റീകൗണ്ടിങ്ങിന് ശേഷം ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് ജയനഗറിലെ തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ബി.ജെ.പി. സ്ഥാനാര്‍ഥിയായ സി.കെ.രാമമൂര്‍ത്തിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സൗമ്യ റെഡ്ഡിയും തമ്മിലായിരുന്നു ജയനഗറിലെ പ്രധാനമത്സരം. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ സൗമ്യ റെഡ്ഡിക്കായിരുന്നു നേരിയ ലീഡ്. വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ 160 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ റെഡ്ഡി വിജയിച്ചെന്നായിരുന്നു അറിയിപ്പ്. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയെങ്കിലും റീകൗണ്ടിങ് നടത്തണമെന്ന ആവശ്യവുമായി ബി.ജെ.പി. രംഗത്തെത്തി. തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ റീകൗണ്ടിങ് നടത്താന്‍ തീരുമാനിക്കുകയും രാത്രി വൈകി പൂര്‍ത്തിയാക്കിയ റീകൗണ്ടിങ്ങിന് ശേഷം ബി.ജെ.പി. സ്ഥാനാര്‍ഥി 16 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു.
വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 177 പോസ്റ്റല്‍ വോട്ടുകള്‍ തള്ളിയിരുന്നു. ഈ വോട്ടുകളും എണ്ണണമെന്നാണ് ബി.ജെ.പി. നേതാക്കള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി. ഒടുവില്‍ നേരത്തെ മാറ്റിവെച്ച 177 പോസ്റ്റല്‍ വോട്ടുകള്‍ കൂടി എണ്ണാന്‍ തീരുമാനിച്ചു. റീകൗണ്ടിങ്ങിനൊടുവില്‍ ബി.ജെ.പി. സ്ഥാനാര്‍ഥി വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
അതിനിടെ, റീകൗണ്ടിങ് പ്രഖ്യാപിച്ചതോടെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിഷേധവും അരങ്ങേറി. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ അടക്കമുള്ള നേതാക്കള്‍ വിവരമറിഞ്ഞ് വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തി. സൗമ്യ റെഡ്ഡിയുടെ ഫലം അട്ടിമറിക്കാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുവെന്നായിരുന്നു ഡി.കെ. ശിവകുമാറിന്റെ ആരോപണം. ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
സൗമ്യ റെഡ്ഡിയുടെ പിതാവും കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റുമായ രാമലിംഗ റെഡ്ഡിയും വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. സംഭവത്തില്‍ ഡി.കെ. ശിവകുമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ഫലം പ്രഖ്യാപിച്ചിട്ടും സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അനുവദിച്ചില്ലെന്ന് ബി.ജെ.പി. ആരോപിച്ചു. കോണ്‍ഗ്രസ് ഗുണ്ടായിസമാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നടന്നതെന്നും ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു.
ജയനഗറിലെ സിറ്റിങ് എം.എല്‍.എ.യായിരുന്നു മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ സൗമ്യ റെഡ്ഡി. നേരത്തെ ബി.ജെ.പി.യുടെ കൈവശമായിരുന്ന ജയനഗര്‍ സീറ്റ് 2018-ല്‍ സൗമ്യയിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു.
Content Highlights: karnataka election jayanagar constituency result declared after recounting


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..