Photo: PTI
ബെംഗളൂരു: കര്‍ണാടകത്തില്‍ വിജയംകണ്ടത് കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ഡി.കെ. എന്ന ഡി.കെ. ശിവകുമാറിന്റെ തന്ത്രം. ഭരണവിരുദ്ധവികാരം പ്രയോജനപ്പെടുത്തിയും ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളില്‍ വിള്ളലുണ്ടാക്കിയും ഡി.കെ. നടത്തിയ തേരോട്ടമാണ് ബി.ജെ.പി.യെ മലര്‍ത്തിയടിച്ചത്.
മറ്റുപാര്‍ട്ടികളില്‍നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കുന്ന തന്ത്രം ഡി.കെ. ഫലപ്രദമായി പ്രയോഗിച്ചു. ബി.ജെ.പി.യില്‍ തലയെടുപ്പുള്ള ലിംഗായത്ത് നേതാക്കളെയും ജെ.ഡി.എസിലെ ജനസ്വാധീനമുള്ള നേതാക്കളെയും പാര്‍ട്ടിയിലെത്തിച്ച ചാണക്യതന്ത്രം വിജയംകണ്ടു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി., ജെ.ഡി.എസ്. പാര്‍ട്ടികളില്‍നിന്ന് പത്തിലധികം നേതാക്കളെയാണ് ഡി.കെ. കോണ്‍ഗ്രസിന്റെ കളത്തിലെത്തിച്ചത്. ബി.ജെ.പി.യിലെ ലിംഗായത്ത് നേതാക്കളായ മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദി എന്നിവരുടെ വരവ് വടക്കന്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് നേട്ടമായി. ജഗദീഷ് ഷെട്ടാര്‍ പരാജയപ്പെട്ടെങ്കിലും ലിംഗായത്ത് വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാക്കാന്‍ കഴിഞ്ഞു.
ഹൈദരാബാദ് കര്‍ണാടക മേഖലയിലും പഴയ മൈസൂരു മേഖലയിലും കോണ്‍ഗ്രസിന്റെ നേട്ടത്തിനുപിന്നില്‍ ഡി.കെ.യുടെ ഉന്നം പിഴയ്ക്കാത്ത ആയുധങ്ങളാണ്. പഴയ മൈസൂരു മേഖലയില്‍ ജെ.ഡി.എസ്. നേടുന്ന സീറ്റുകളാണ് പലപ്പോഴും കോണ്‍ഗ്രസ് വിജയത്തിന് വിലങ്ങായിരുന്നത്. ഇത് മുന്നില്‍ക്കണ്ട് ഈ മേഖലയില്‍നിന്നുള്ള ജെ.ഡി.എസിലെ വൊക്കലിഗ നേതാക്കളെ പാര്‍ട്ടിയിലെത്തിച്ചതും ഫലംകണ്ടു.
രാഹുലിന്റെ ജോഡോ
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും ജനങ്ങള്‍ക്കിടയിലേക്ക് നേരിട്ടിറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്ന പ്രചാരണരീതിയും കോണ്‍ഗ്രസ് വിജയത്തില്‍ നിര്‍ണായകമായി. ഏപ്രില്‍ 16-ന് കോലാറിലാണ് രാഹുലിന്റെ പ്രചാരണത്തിന് തുടക്കമായത്. തുടര്‍ന്ന് വിവിധ ഭാഗങ്ങളിലായി 20 റാലികളില്‍ പങ്കെടുത്തു.
പ്രചാരണം അവസാനിച്ച എട്ടിന് രാഹുല്‍ ഗാന്ധിയോടൊപ്പം പ്രിയങ്കാ ഗാന്ധിയും ബെംഗളൂരുവില്‍ പ്രചാരണത്തിനെത്തി. ചായക്കടകളില്‍ കയറിയും അസംഘടിത തൊഴിലാളികളുടെ ഇടയില്‍ ഇറങ്ങിച്ചെന്നും അവരിലൊരാളായി മാറി പ്രചാരണം നടത്തുന്ന രീതിയാണ് രാഹുല്‍ പിന്തുടര്‍ന്നത്. ബെംഗളൂരുവില്‍ ബി.എം.ടി.സി. ബസില്‍ യാത്രചെയ്തു. ഓണ്‍ലൈന്‍ ഡെലിവറി ജീവനക്കാരുമായി സംവാദം നടത്തി. ജീവനക്കാരന്റെ സ്‌കൂട്ടറില്‍ യാത്രചെയ്തതും ശ്രദ്ധേയമായി.
2019-ല്‍ മോദിക്കെതിരേ പ്രസംഗിച്ചതിന്റെപേരില്‍ ലോക്സഭാംഗത്വം നഷ്ടമായ കോലാറിലെ അതേ വേദിയില്‍ വീണ്ടുംവന്ന് മോദിയെ വെല്ലുവിളിച്ച് വോട്ടര്‍മാരുടെ മനസ്സ് കീഴടക്കി. അഴിമതിക്കെതിരായ പേരാട്ടത്തില്‍ പിന്നോട്ടില്ലെന്ന മുന്നറിയിപ്പാണ് രാഹുല്‍ നല്‍കിയത്.
ഒറ്റക്കെട്ടാക്കി ഖാര്‍ഗെ
കന്നഡക്കാരനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തെത്തിയത് നേട്ടമാകുന്നതാണ് തിരഞ്ഞെടുപ്പില്‍ കണ്ടത്. ഖാര്‍ഗെയ്ക്ക് അധ്യക്ഷസ്ഥാനം നല്‍കിയതുവഴി ദളിത് വോട്ടര്‍മാരെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കാന്‍ സാധിച്ചു. സ്വന്തം നാടായ കലബുറഗി ഉള്‍പ്പെടുന്ന കല്യാണ കര്‍ണാടകമേഖലയില്‍ ബി.ജെ.പി.യെ ഞെട്ടിച്ച് കോണ്‍ഗ്രസിന്റെ സീറ്റ് ഉയര്‍ത്താന്‍ ഇതു കാരണമായി.
കോണ്‍ഗ്രസ് നേതാക്കളെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചതും ഖാര്‍ഗെയുടെ മിടുക്കാണ്. പ്രായാധിക്യം വകവെക്കാതെ പലദിവസങ്ങളിലും രാത്രിവൈകിയും അദ്ദേഹം തിരഞ്ഞെടുപ്പ് പരിപാടികളിലും ചര്‍ച്ചകളിലും മുഴുകി.
Content Highlights: karnataka election congress strategies


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..