ബെംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

വിശ്വാസവോട്ടെടുപ്പിനെ നേരിടാന്‍ തയ്യാറാണ്. അതിന് സമയം നിശ്ചയിക്കാം. അധികാരത്തില്‍ തൂങ്ങിനില്‍ക്കാനല്ല താന്‍ ഇവിടെ നില്‍ക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു. 

അതിനിടെ, കുമാരസ്വാമി വിശ്വാസവോട്ടിന് തയ്യാറാണെന്ന് വ്യക്തമാക്കിയതോടെ ബി.ജെ.പി നേതാവ് ബി.എസ്. യെദ്യൂരപ്പ നിയമസഭയിലെ അദ്ദേഹത്തിന്റെ ചേംബറിലേക്ക് മടങ്ങി. ബി.ജെ.പി. നേതാക്കളുമായി ചര്‍ച്ച നടത്താനാണ് അദ്ദേഹം സഭാ ഹാളില്‍നിന്ന് ചേംബറിലേക്ക് മടങ്ങിയത്. 

വിമത എം.എല്‍.എമാരുടെ ഹര്‍ജിയിലും അയോഗ്യതയിലും ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരാനും കോടതി നിര്‍ദേശം നല്‍കി. 

വിമത എം.എല്‍.എമാരുടെ ഹര്‍ജിയില്‍ ചൊവ്വാഴ്ച വിശദമായ വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. 

രാജിസമര്‍പ്പിച്ച എം.എല്‍.എമാരുടെ ഹര്‍ജി കഴിഞ്ഞദിവസം പരിഗണിച്ച സുപ്രീംകോടതി എം.എല്‍.എമാരോട് സ്പീക്കറെ നേരില്‍ക്കണ്ട് രാജിനല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനുശേഷമാണ് കേസില്‍ രണ്ടാംദിവസവും വാദംനടന്നത്.

രാജി നല്‍കിയ എം.എല്‍.എമാര്‍ അയോഗ്യത നടപടികള്‍ നേരിടുന്നവരാണെന്നായിരുന്നു സ്പീക്കര്‍ക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വിയുടെ വാദം. ആദ്യം എം.എല്‍.എമാരെ അയോഗ്യരാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും ഇദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍ സ്പീക്കര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നായിരുന്നു എം.എല്‍.എമാര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയുടെ ആവശ്യം. 

Content Highlights: karnataka crisis, hd kumaraswamy says he is ready for trust vote