ബെംഗളൂരു: രണ്ട് നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകത്തില്‍ കനത്ത രാഷ്ട്രീയ പോര്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരക്ഷരനെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നടപടി വിവാദമായി. കര്‍ണാടക കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഇത്തരമൊരു പരാമര്‍ശം ഉണ്ടായത്.

'കോണ്‍ഗ്രസ് സ്‌കൂളുകള്‍ പണിതു, എന്നാല്‍ മോദി ഒരിക്കലും പഠിക്കാന്‍ പോയില്ല. മുതിര്‍ന്നവര്‍ക്ക് പഠിക്കാനും കോണ്‍ഗ്രസ് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. മോദി അതും പഠിച്ചില്ല. 
ഭിക്ഷാടനം നിരോധിച്ചിട്ടും ഉപജീവനത്തിനായി അത്‌ തിരഞ്ഞെടുത്ത ആളുകള്‍ ഇന്ന് പൗരന്മാരെ ഭിക്ഷാടനത്തിലേക്ക്‌ തള്ളിവിടുകയാണ്. മോദിയുടെ നിരക്ഷരത കാരണം രാജ്യം കഷ്ടപ്പെടുന്നു' കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസിന് മാത്രമേ ഇത്രയും തരംതാഴാന്‍ ആകൂവെന്നാണ് ഇതിനോട് ബിജെപി പ്രതികരിച്ചത്. ഒരു തരത്തിലുള്ള മറപടിയും അര്‍ഹിക്കാത്തതാണ് കോണ്‍ഗ്രസിന്റെ പ്രതികരണമെന്നും ബിജെപി വാക്താവ് മാളവിക അവിനാഷ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നിന്ന് ഇത്തരമൊരു ട്വീറ്റ് വന്നത് പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് വാക്താവായ ലാവണ്യ ബല്ലാല്‍ വ്യക്തമാക്കി. സംഭവം നിര്‍ഭാഗ്യകരമാണെന്നും പറഞ്ഞ അവര്‍ ട്വീറ്റ് പിന്‍വലിക്കുകയോ മാപ്പ് പറയുകയോ വേണ്ടതില്ലെന്നും പ്രതികരിച്ചു.

സിന്ദഗി, ഹംഗാല്‍ എന്നീ മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 30-നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഈ സീറ്റുകളിലെ എംഎല്‍എമാരായിരുന്ന ജനതാദള്‍, ബിജെപി പ്രതിനിധികള്‍ മരണപ്പെട്ട പശ്ചാത്തലത്തിലാണ് ഉപതിരഞ്ഞെടുപ്പ്. ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പായതിനാല്‍ ബിജെപിക്ക് നിര്‍ണായകമാണ് ഉപതിരഞ്ഞെടുപ്പ്. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആത്മവിശ്വാസം കൈവരിക്കാന്‍ കോണ്‍ഗ്രസിനും പ്രധാനമാണ്.