ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ റിസോര്‍ട്ടില്‍ തമ്മില്‍തല്ലിയ സംഭവം പോലീസ് കേസായി. മര്‍ദ്ദനമേറ്റ എം.എല്‍.എ. ആനന്ദ് സിങ് സംഭവത്തില്‍ പരാതി നല്‍കിയതോടെയാണ് റിസോര്‍ട്ടിലെ അടിപിടി പോലീസ് കേസായത്. 

ജെ.എന്‍. ഗണേഷ് തന്നെ വടി ഉപയോഗിച്ച് ആക്രമിച്ചെന്നും തറയിലേക്ക് തള്ളിയിട്ട് മര്‍ദ്ദിച്ചെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് ആനന്ദ് സിങിന്റെ പരാതി. തന്റെ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്ന് ജെ.എന്‍. ഗണേഷ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. 

'ഞാന്‍ നിലത്തുവീണതോടെ അയാള്‍ ക്രൂരമായി ചവിട്ടി. എന്റെ മൂക്കിലും കണ്ണുകളിലും ഇടിച്ചു. ഇതോടെ ഞാന്‍ ബോധരഹിതനായി. പിന്നീട് രഘുമൂര്‍ത്തി, രാമപ്പ തന്‍വീര്‍ സേട്ട് തുടങ്ങിയവര്‍ ചേര്‍ന്നാണ് തന്നെ രക്ഷപ്പെടുത്തിയത്. അവര്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇപ്പോള്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ല. തുടര്‍ന്ന് ബോധം വീണതിനുശേഷമാണ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജെ.എന്‍. ഗണേഷിനെതിരേ നിയമനടപടി സ്വീകരിക്കണം. എനിക്കും എന്റെ കുടുംബത്തിനും സംരക്ഷണം നല്‍കണം'-ആനന്ദ് സിങ് പരാതിയില്‍ പറഞ്ഞു. 

അതേസമയം, റിസോര്‍ട്ടില്‍ കാല്‍തെന്നി വീണതിനെ തുടര്‍ന്നാണ് ആനന്ദ് സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു കാമ്പിളി എം.എല്‍.എ. ജെ.എന്‍. ഗണേഷ് നേരത്തെ പ്രതികരിച്ചത്. മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നതെന്നും ചെറിയ വാക്കേറ്റമുണ്ടായപ്പോള്‍ ആനന്ദ് സിങ് കാല്‍തെന്നി വീഴുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആനന്ദ് സിങ് പോലീസില്‍ പരാതി നല്‍കിയത്. 

Content Highlights: karnataka congress mla anand singh files complaint against jn ganesh on resort clash