ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയ്‌ക്കെതിരെ രംഗത്ത് വന്ന കോണ്‍ഗ്രസ് എം.എല്‍.എ എസ്.ടി സോമശേഖറിനോട്‌ പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരണം തേടി. കര്‍ണാടക ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നടപടി.

വിശദീകരണം ലഭിച്ചതിന് ശേഷം ആവശ്യമെങ്കില്‍ തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും പി.സി.സി അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു വ്യക്തമാക്കി. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായാല്‍ മതിയായിരുന്നുവെന്നും അങ്ങനെയെങ്കില്‍ കര്‍ണാടകയില്‍ കൂടുതല്‍ വികസനമുണ്ടായേനെയെന്നും എസ്.ടി സോമശേഖര ഉള്‍പ്പടെയുള്ള ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് താനല്ല നേതാവെന്ന് തോന്നുന്നുവെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ താന്‍ തയ്യാറാണെന്ന് കുമാരസ്വാമി പറഞ്ഞിരുന്നു. എംഎല്‍എമാരെ നിലക്കുനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു.

content highlights: Karnataka Congress issues show cause notice to MLA  ST Somashekar