ഡി.കെ. ശിവകുമാർ | Photo: PTI
ബെംഗളൂരു: നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് കോവിഡ് വാക്‌സിനുകള്‍ വാങ്ങാന്‍ 100 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതായി കര്‍ണാടക കോണ്‍ഗ്രസ്. 10 കോടി പാർട്ടി ഫണ്ടിൽ നിന്നും ബാക്കി 90 കോടി തങ്ങളുടെ എംഎല്‍എ, എംഎല്‍സി ഫണ്ടുകളില്‍ നിന്നും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ പറഞ്ഞു.
വാക്‌സിന്‍ ലഭ്യമാക്കാന്‍ മോദി, യെദ്യൂരപ്പ സര്‍ക്കാരുകള്‍ മാസങ്ങളായി പരാജയപ്പെട്ട സാഹചര്യത്തില്‍ ഇവ സുതാര്യമായ രീതിയില്‍ നേരിട്ട് വാങ്ങാന്‍ എംഎല്‍എ, എംഎല്‍സി ഫണ്ട് ഉപയോഗിക്കാന്‍ ഞങ്ങളെ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ഡി.കെ. ശിവകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതിനാല്‍, ഇത് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് ശിവകുമാര്‍ പറഞ്ഞു. ഞങ്ങള്‍ക്ക് രണ്ട് അനുമതികള്‍ ആവശ്യമാണ്, ഒന്ന് കേന്ദ്രത്തില്‍ നിന്നും മറ്റൊന്ന് സംസ്ഥാന സര്‍ക്കാരില്‍ നിന്നും. വാക്‌സിനുകള്‍ നേരിട്ട് ശേഖരിക്കാനും നല്‍കാനും കോണ്‍ഗ്രസിനെ അനുവദിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
എന്നാല്‍ രാജ്യം മുഴുവന്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെ വാക്‌സിനുകള്‍ വാങ്ങും എന്ന കാര്യത്തില്‍ വ്യക്തതയില്ല. വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ വാക്‌സിനുകളുടെ അഭാവം മൂലം 18-44 വയസ്സിനിടയിലുള്ളവര്‍ക്ക് കുത്തിവയ്പ്പ് കര്‍ണാടക നിര്‍ത്തിവച്ചിരുന്നു.
Content Highlights: Karnataka Congress drafts ₹100 crore plan to procure Covid vaccines
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..