ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയനാടകങ്ങളും കരുനീക്കങ്ങളും തുടരുന്നതിനിടെ ബി.ജെ.പി.ക്കെതിരേ ആരോപണവുമായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. ബി.ജെ.പി.യുടെ ഓപ്പറേഷന്‍ താമര ഇപ്പോഴും തുടരുകയാണെന്നും കഴിഞ്ഞദിവസം ഒരു കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് ബി.ജെ.പി. 'സമ്മാനം' വാഗ്ദാനം ചെയ്‌തെന്നും കുമാരസ്വാമി ആരോപിച്ചു. 

കഴിഞ്ഞദിവസം രാത്രിയാണ് കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് ഫോണ്‍ സന്ദേശം ലഭിച്ചത്. എവിടേക്കാണ് സമ്മാനം കൊടുത്തയക്കേണ്ടതെന്നായിരുന്നു ഫോണിലൂടെ ചോദിച്ചത്. ബി.ജെ.പി. സംസ്ഥാന നേതൃത്വവും ബി.എസ്. യെദ്യൂരപ്പയുമാണ് ഈ നീക്കങ്ങള്‍ക്കുപിന്നില്‍- കുമാരസ്വാമി പറഞ്ഞു. 

സമ്മാനം നിരസിച്ച കോണ്‍ഗ്രസ് എം.എല്‍.എ. ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയെന്നും 2008-ലേതിന് സമാനമായി എം.എല്‍.എമാരെ വിലക്കെടുക്കാനാണ് യെദ്യൂരപ്പയുടെ നീക്കമെന്നും കര്‍ണാടക മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാല്‍ എന്ത് സമ്മാനമാണ് ബി.ജെ.പി. വാഗ്ദാനം ചെയ്‌തതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. 

അതേസമയം, മുഖ്യമന്ത്രി കുമാരസ്വാമിയുടെ ആരോപണം തികച്ചും വസ്തുതാവിരുദ്ധമാണെന്നായിരുന്നു ബി.എസ്. യെദ്യൂരപ്പയുടെ പ്രതികരണം. ഭരണത്തില്‍ പരാജയപ്പെട്ട അദ്ദേഹം ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് ബി.ജെ.പി. എം.എല്‍.എമാരെ വിലക്കെടുക്കാന്‍ സമീപിക്കുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു. 

Content Highlights: karnataka cm hd kumaraswamy alleged that bjp operation lotus is still on