ബെംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടകയിലെ 15 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലം തിങ്കളാഴ്ച പുറത്തുവരും. നാല് മാസം മാത്രം പ്രായമുള്ള ബി.എസ്. യെദ്യൂരപ്പ സര്‍ക്കാരിന് ഭരണം നിലനിര്‍ത്തണമെങ്കില്‍ ആറ് സീറ്റുകളിലെങ്കിലും ജയിക്കണം. 225 അംഗ നിയമസഭയിൽ ബിജെപിക്ക് നിലവില്‍ 105 അംഗങ്ങളുടെ പിന്തുണയാണുള്ളത്. കേവല ഭൂരിപക്ഷത്തിന് കുറഞ്ഞത് 111 പേരുടെ പിന്തുണയാണ് വേണ്ടത്. കോൺഗ്രസിന് 67 അംഗങ്ങളും ജെ.ഡി.എസിന് 34 അംഗങ്ങളുമാണുള്ളത്.
തിങ്കളാഴ്ച എട്ട് മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ പൂര്‍ണഫലം ഉച്ചയോടെ പുറത്തുവരും. എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ബി.ജെ.പിയ്ക്ക് അനുകൂലമായിരുന്നു.
17 മണ്ഡലങ്ങളിലാണ് ഒഴിവ് വന്നിരുന്നതെങ്കിലും കര്‍ണാടക ഹൈക്കോടതിയില്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാൽ മുസ്‌കി, ആര്‍.ആര്‍ നഗര്‍ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. ഈ രണ്ടുമണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.
ബിജെപിയും കോണ്‍ഗ്രസും 15 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ജെഡിഎസ് 12 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. രാജിവെച്ച കോണ്‍ഗ്രസ്, ജെ.ഡി.എസ്. വിമതരെയാണ് ബി.ജെ.പി. 13 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളാക്കിയത്.
ഡിസംബര്‍ അഞ്ചിന് നടന്ന തിരഞ്ഞെടുപ്പില്‍ 67.91 ശതമാനമായിരുന്നു വോട്ടിങ്. കനത്ത സുരക്ഷയില്‍ സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്. 15 മണ്ഡലങ്ങളില്‍ നിന്നായി 19.25 ലക്ഷം പുരുഷന്മാരും 18.52 ലക്ഷം സ്ത്രീകളും ഉള്‍പ്പടെ 38 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തി. 126 സ്വതന്ത്രരും ഒമ്പത് വനിതകളുമുള്‍പ്പെടെ 165 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.
കോണ്‍ഗ്രസ്-ജെ.ഡി.എസ്. സഖ്യസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് 17 എം.എല്‍.എ.മാര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
content highlights: Karnataka bypolls vote count tomorrow, BJP needs 6 seats to remain in majority