ബെംഗളൂരു:  രാമക്ഷേത്ര നിര്‍മാണം പുരോഗമിക്കുന്ന അയോധ്യയില്‍ തീര്‍ഥാടകര്‍ക്ക് ഗസ്റ്റ് ഹൗസ് പണിയാന്‍ ബജറ്റില്‍ 10 കോടി രൂപ അനുവദിച്ച് കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയില്‍ നിന്ന് രാമക്ഷേത്ര ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്കായി ഗസ്റ്റ് ഹൗസ് നിര്‍മിക്കാനാണ് തുക അനുവദിച്ചതെന്ന് ബജറ്റ് അവതരണ വേളയില്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പറഞ്ഞു. 

അയോധ്യയില്‍ ഗസ്റ്റ് ഹൗസ് നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി നല്‍കുമെന്ന് നേരത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. തിരുപ്പതി പോലുള്ള രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലും നേരത്തെ കര്‍ണാടക സര്‍ക്കാര്‍ സ്വന്തം ചെലവില്‍ ഗസ്റ്റ് ഹൗസ് നിര്‍മിച്ചിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം കോവിഡ് ലോക്ക്ഡൗണ്‍ കാരണം സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തിയെന്നും 2019-20 വര്‍ഷത്തെ അപേക്ഷിച്ച് ജി.എസ്.ഡി.പി 2.6 ശതമാനമായി ചുരുങ്ങിയതായും ബജറ്റ് പ്രസംഗത്തില്‍ യെദ്യൂരപ്പ വ്യക്തമാക്കി.

വീരശൈവ ലിംഗായത്ത് കമ്മ്യൂണിറ്റി ബോര്‍ഡിനും പുതുതായി രൂപീകരിച്ച വൊക്കലിംഗ കമ്മ്യൂണിറ്റി ബോര്‍ഡിനും ബജറ്റില്‍ 500 കോടി അനുവദിച്ചിട്ടുണ്ട്. ബ്രാഹ്മിണ്‍ വികസന ബോര്‍ഡിന് 50 കോടിയും ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി 1500 കോടിയും ബജറ്റില്‍ വകയിരിത്തിയിട്ടുണ്ട്.

content highlights: Karnataka Budget Has Rs 10 Crore Grant to Build Guest House in Ayodhya for Ram Temple Pilgrims