ബാംഗ്ലൂര്‍: കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ആവര്‍ത്തിച്ചു. അതിര്‍ത്തി അടക്കുന്നത് സംബന്ധിച്ചെടുത്ത തീരുമാനം പെട്ടന്ന് എടുത്തതല്ലെന്നും ജനങ്ങളുടെ സുരക്ഷമുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും യെദ്യൂരപ്പ വ്യക്തമാക്കി. കേരള കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് എച്ച് ഡി ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടിയിലാണ് യെദ്യൂരപ്പ നയം വ്യക്തമാക്കിയത്‌.

കേരള കര്‍ണാടക അതിര്‍ത്തി അടക്കുന്നത് പെട്ടെന്ന്‌ എടുത്ത തീരുമാനമായിരുന്നില്ല. അതിര്‍ത്തി പ്രദേശങ്ങളിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൃത്യമായി വിലയിരുത്തിയ ശേഷമാണ് തീരുമാനമെടുത്തത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം കാസര്‍കോടും സമീപ പ്രദേശങ്ങളിലും കോവിഡ് 19 വ്യാപനം ഭയപ്പെടുത്തുന്നതാണ്. ഇതിനെക്കുറിച്ച് കേരളസര്‍ക്കാരിനും അറിയാവുന്നതാണ്. 

അതിര്‍ത്തി തുറക്കുന്നത് കര്‍ണാടകത്തിലെ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകും. രോഗ വ്യാപനം തടയാന്‍ കഴിയില്ല. അതിര്‍ത്തി കടന്നു വരുന്നവരില്‍ ആര്‍ക്കൊക്കെ കൊറോണ ഉണ്ടെന്നും ഇല്ലെന്നും കണ്ടെത്താനുള്ള സാഹചര്യമില്ല. സംസ്ഥാന അതിര്‍ത്തി അടച്ചത് ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണെന്നും യെദ്യൂരപ്പ പറഞ്ഞു.

അതിര്‍ത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ച് ഡി ദേവഗൗഡ ബി എസ് യെദ്യൂരപ്പക്ക് കത്ത് അയച്ചിരുന്നു. ഇതിന്റെ മറുപടിയായി അയച്ച മൂന്ന് പേജുള്ള കത്തിലാണ് യെദ്യൂരപ്പ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

Content Highlights: karnataka border can't open it will cause for the spread of covid 19