ബസവരാജ് ബൊമ്മെ, നളിൻ കുമാർ കട്ടീൽ, ശോഭാ കരന്തലജെ | Photo: Pics4News
ബെംഗളൂരു: മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കര്‍ണാടകയ ബി.ജെ.പിയിലും അഴിച്ചുപണിയുണ്ടാവുമെന്ന് സൂചന. സംസ്ഥാനത്ത് പാര്‍ട്ടിയുടെ തോല്‍വിയുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത് ബി.ജെ.പി. പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ രാജി സന്നദ്ധത അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കട്ടീല്‍ രാജിവെച്ചാല്‍ കേന്ദ്രമന്ത്രി ശോഭ കരന്തലജെയെ ബി.ജെ.പി. അധ്യക്ഷയാക്കിയേക്കുമെന്ന് സൂചനയുണ്ട്.
കേന്ദ്ര നേതൃത്വം തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുക. താഴേത്തട്ടു മുതല്‍ ശുദ്ധീകരണം ആവശ്യമാണെന്ന ചര്‍ച്ചകളും ബി.ജെ.പിയില്‍ ഉയരുന്നുണ്ട്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിലവിലെ സീറ്റുകള്‍ നിലനിര്‍ത്താന്‍ ശക്തരായ നേതാക്കളെ അവതരിപ്പിക്കേണ്ടതുണ്ടെന്ന ആവശ്യം ഉയര്‍ന്നതായി മുതിര്‍ന്ന ബി.ജെ.പി. നേതാവിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. അങ്ങനെയെങ്കില്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തും പ്രതിപക്ഷ നേതൃസ്ഥാനത്തും പുതിയ മുഖങ്ങള്‍ വന്നേക്കും.
തോല്‍വിയുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്ത നിലവിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കട്ടീല്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കട്ടീല്‍ ബി.ജെ.പിയെ നയിക്കുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ബൊമ്മെയുടെ പ്രസ്താവന അനുചിതമാണെന്ന വിലയിരുത്തല്‍ പല നേതാക്കള്‍ക്കുമുണ്ട്.
വൊക്കലിഗ സമുദായംഗമെന്ന പരിഗണനയാണ് കട്ടീല്‍ രാജിവെച്ചാല്‍ ശോഭ കരന്തലജെയെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള പ്രധാനകാരണം. അങ്ങനെയെങ്കില്‍ നിയമസഭാ കക്ഷി നേതാവായി ലിംഗായത്ത് സമുദായത്തില്‍ നിന്നൊരാളെ കൊണ്ടുവരും. മൂന്ന് വര്‍ഷത്തെ ഭരണപരിചയമുള്ള നേതാവെന്ന നിലയില്‍ ബൊമ്മെയ്ക്ക് തന്നെയാണ് സജീവ സാധ്യത. ബ്രാഹ്‌മണ വിഭാഗത്തില്‍ നിന്നുള്ള എസ്. സുരേഷ് കുമാര്‍, ലിംഗായത്തില്‍ നിന്നുള്ള അരവിന്ദ് ബല്ലാഡ്, ബില്ലാവ സമുദായത്തില്‍ നിന്നുള്ള വി. സുനില്‍കുമാര്‍, പാര്‍ട്ടിയിലും സംസ്ഥാനത്തും ലിംഗായത്ത് മുഖമായിരുന്ന ബി.എസ്. യെദ്യൂരപ്പയുടെ മകന്‍ ബി.വൈ. വിജയേന്ദ്ര എന്നീ പേരുകളും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിച്ചേക്കും.
ബി.ജെ.പി. സംഘടനാ ജനല്‍ സെക്രട്ടറി ബി.എല്‍. സന്തോഷുമായി അടുപ്പമുള്ള, ആര്‍.എസ്.എസ്. നോമിനിയായ കട്ടീല്‍ 2019 ഓഗസ്റ്റില്‍ അപ്രതീക്ഷിതമായാണ് കര്‍ണാടക ബി.ജെ.പി. അധ്യക്ഷനായി എത്തുന്നത്. കട്ടീലിന്റെ നേതൃത്വത്തോട് നേരത്തെ തന്നെ ബി.ജെ.പി.ക്കുള്ളില്‍ അതൃപ്തിയുണ്ടായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. നേതൃത്വം സാധാരണപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും അപ്രാപ്യമായിരുന്നുവെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പല പ്രസ്താവനകളും യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നവയല്ലായിരുന്നുവെന്നും വിമര്‍ശനമുണ്ട്.
Content Highlights: Karnataka bjp reshuffle election loss nalin kumar Kateel shobha Karandlaje state president
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..