ഡി.കെ.ശിവകുമാർ, ജി.പരമേശ്വര, സിദ്ധരാമയ്യ എന്നിവരടക്കമുള്ള കോൺഗ്രസ് നേതാക്കൾ |ഫോട്ടോ:PTI
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറും ഉള്‍ക്കൊള്ളുന്ന 124 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പുറത്ത് വന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടയിലാണ് കോണ്‍ഗ്രസിന്റെ ആദ്യ പട്ടിക പുറത്തുവന്നത്.
സിദ്ധരാമയ്യ വരുണയില്‍ നിന്നാണ് ഇത്തവണ ജനവിധി തേടുക. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍ കനകപുരയില്‍ തന്നെ വീണ്ടും മത്സരിക്കും. 2008-മുതല്‍ അദ്ദേഹം ഇവിടെ നിന്നുള്ള എംഎല്‍എ ആണ്. അതിന് മുമ്പ് സത്തന്നൂരിലായിരുന്നു അദ്ദേഹം മത്സരിച്ചിരുന്നത്.
നിലവില്‍ ബദാമിയില്‍ നിന്നുള്ള എംഎല്‍എ ആയ സിദ്ധരാമയ്യയ്ക്ക് അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഇത്തവണ വരുണയിലാണ് മത്സരിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.
മൈസൂരു താലൂക്കില്‍പ്പെടുന്ന വരുണ മണ്ഡലം കോണ്‍ഗ്രസിന്റെ ഉറച്ചകോട്ടയാണ്. നിലവില്‍, സിദ്ധരാമയ്യയുടെ മകനായ യതീന്ദ്രയാണ് സിറ്റിങ് എം.എല്‍.എ. അച്ഛനുവേണ്ടി മണ്ഡലം ഒഴിഞ്ഞുകൊടുക്കാന്‍ തയ്യാറാണെന്ന് യതീന്ദ്ര നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. 2008, 2013 വര്‍ഷങ്ങളില്‍ വരുണയില്‍നിന്ന് സിദ്ധരാമയ്യ വിജയിച്ചിരുന്നു. പിന്നീട്, 2018-ലാണ് മണ്ഡലം മകനുവേണ്ടി ഒഴിഞ്ഞുകൊടുത്തത്. 2018 സിദ്ധരാമയ്യ ബദാമിയിലാണ് മത്സരിച്ചത്. ഇത്തവണയും രണ്ട് മണ്ഡലങ്ങളില്‍ സിദ്ധരാമയ്യ മത്സരിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. ആദ്യ ലിസ്റ്റില്‍ വരുണയില്‍ മാത്രമാണ് അദ്ദേഹത്തിന്റെ പേരുള്ളത്. എന്നാല്‍ അദ്ദേഹം രണ്ടാം മണ്ഡലമായി താത്പര്യം പ്രകടിപ്പിക്കുന്ന ബദാമിയിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഇതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ക്കിടയിലും മുന്‍ കേന്ദ്ര മന്ത്രി കെ.എച്ച്.മുനിയപ്പ ദേവനഹള്ളിയില്‍ സ്ഥാനാര്‍ഥിയായി ഇടംപിടിച്ചിട്ടുണ്ട്. മുന്‍ ഉപമുഖ്യമന്ത്രി ജി.പരമേശ്വര സംവരണ മണ്ഡലമായ കൊരാട്ടഗരെയില്‍ നിന്ന് മത്സരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ ചിത്താപുറില്‍ നിന്ന് വീണ്ടും ജനവിധി തേടും.
224 അംഗ കര്‍ണാടക നിയമസഭയുടെ നിലവിലെ കാലാവധി മെയ് 23 ഓടെ അവസാനിക്കും. അതിന് മുമ്പായി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്താവുന്നനിലയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്ത ആഴ്ചകള്‍ക്കുള്ളില്‍ തന്നെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചേക്കും. ഇത്തവണ വോട്ടെടുപ്പ് മേയ് പകുതിയോടെ നടന്നേക്കുമെന്നാണ് സൂചന. 2018-ൽ മേയ് 12-നായിരുന്നു. 15-ന് ഫലം പ്രഖ്യാപിച്ചു.
Content Highlights: Karnataka Assembly Elections 2023-Congress Announces First List Of 124 Candidates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..