ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ബിജെപി നേതാവ് ഷാഷില്‍ നമോഷി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.

ദീര്‍ഘനാളായി ഞാന്‍ ബിജെപിക്കായി പ്രവര്‍ത്തിക്കുന്നു. സ്ഥാനാര്‍ഥി പട്ടികയില്‍ എന്റെ പേരില്ലെന്നത് ഞെട്ടലോടെയാണ് കേട്ടത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സീറ്റ് നിഷേധിച്ചത് ഏറെ മനോവേദന സൃഷ്ടിച്ചെന്നും ഷാഷില്‍ നമോഷി ഗുല്‍ബറഗയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.

രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി തിങ്കളാഴ്ച പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗുല്‍ബറഗയില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന ഷാഷില്‍ നമോഷി പരസ്യമായി രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധ പ്രകടനവും ടയറുകള്‍ കത്തിച്ച് റോഡുകള്‍ ഉപരോധിക്കുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ പാര്‍ട്ടിയിലെ സീറ്റ് മോഹികള്‍ വ്യാപക പ്രതിഷേധവും അക്രമവും നടത്തിയിരുന്നു. അടുത്ത മാസമാണ് കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്‌.