സിദ്ധരാമയ്യ, ഡി.കെ. ശിവകുമാർ Photo- Pics4news
ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രിയാരെന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ തിങ്കളാഴ്ച ഡല്‍ഹിയിലേക്ക് പുറപ്പെടാനൊരുങ്ങി മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ഉച്ചയ്ക്ക് ഒരു മണിക്ക് ഡല്‍ഹിയിലേക്ക് പുറപ്പെടും. എന്നാല്‍ ഡല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കുന്നു. ജന്മദിനവുമായി ബന്ധപ്പെട്ട തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ഡി.കെ. നിലവില്‍ ഡല്‍ഹി യാത്ര തീരുമാനിച്ചിട്ടില്ലെന്നറിയിച്ചത്.
'തീരുമാനങ്ങള്‍ ഹൈക്കമാന്‍ഡിനു വിടുന്നു. ഡല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടില്ല. സാധ്യമായതെല്ലാം ചെയ്തു. ഇന്ന് ജന്മദിനമാണ്. അതുമായി ബന്ധപ്പെട്ട് ഒരു പൂജ നടത്താനും ക്ഷേത്രത്തില്‍ പോവാനുമുണ്ട്. ഏല്‍പ്പിക്കുന്ന ഏത് ചുമതലയും നിര്‍വഹിക്കും. 135 എം.എല്‍.എ.മാരാണ് തനിക്കു നല്‍കാനുള്ള ജന്മദിന സമ്മാനം- ഡി.കെ. പറഞ്ഞു. ജന്മദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തകരാണ് ഡി.കെ.യുടെ വസതിക്കുമുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. നിരവധി സമ്മാനങ്ങളും അവര്‍ അദ്ദേഹത്തിന് നല്‍കി. ജന്മദിനത്തില്‍ ആശംസകളറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കാനും അദ്ദേഹം മറന്നില്ല.
കര്‍ണാടകയില്‍ ആര് മുഖ്യമന്ത്രിയാകണമെന്നതില്‍ ഓരോ നിയുക്ത എം.എല്‍.എ.മാരില്‍നിന്നും വ്യക്തത തേടാന്‍ കോണ്‍ഗ്രസ് നിരീക്ഷകരെ ചുമതലപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച വ്യക്തത ഓരോരുത്തരില്‍നിന്നും രേഖാമൂലം കൈപ്പറ്റി. എം.എല്‍.എ.മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എ.ഐ.സി.സി. നിരീക്ഷകര്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ എത്തിച്ച് എണ്ണിത്തിട്ടപ്പെടുത്തും.70% പേരും സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായക്കാരാണെന്നാണ് സൂചന.
കെ.സി. വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല, സുശീല്‍കുമാര്‍ ഷിന്ദേ ഉള്‍പ്പെടെ മൂന്ന് നിരീക്ഷകര്‍ ഖര്‍ഖെയുടെ വസതിയിലെത്തിക്കണ്ട് മുഖ്യമന്ത്രി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും. ആദ്യ രണ്ടുവര്‍ഷം സിദ്ധരാമയ്യയെയും പിന്നീടുള്ള മൂന്നുവര്‍ഷം ഡി.കെ. ശിവകുമാറിനെയും മുഖ്യമന്ത്രിയാക്കുമെന്നാണ് സൂചനകള്‍.
Content Highlights: karnataka assembly election 2023, siddaramaiah in to delhi, dk not decided and his birthday today
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..