ബെംഗളൂരു: കര്‍ണാടകത്തില്‍ ബി.ജെ.പി. സര്‍ക്കാരിലെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. സംസ്ഥാനത്ത് ഒറ്റയാള്‍ ഭരണമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിനിടെയാണ് മന്ത്രിസഭാ വികസനം. ജൂലായ് 26-നാണ് ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റത്. 25 ദിവസത്തിനുശേഷമാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ.

സത്യപ്രതിജ്ഞ രാജ്ഭവനില്‍ രാവിലെ 10.30-നും 11.30-നുമിടയില്‍ നടക്കുമെന്നും ഇക്കാര്യം രേഖാമൂലം ഗവര്‍ണര്‍ വാജുഭായ് വാലയെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 17 മന്ത്രിമാരുടെ പട്ടികയും ഗവര്‍ണര്‍ക്ക് കൈമാറി. നിയമസഭയുടെ അംഗബലം അനുസരിച്ച് മുഖ്യമന്ത്രിയടക്കം 34 പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം. വിഭാഗീയത മുന്നില്‍ക്കണ്ടാണ് ഏതാനും മന്ത്രിസ്ഥാനം ഒഴിച്ചിട്ടിരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രിമാരായ ആര്‍. അശോക, കെ.എസ്. ഈശ്വരപ്പ, സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്രന്‍ എച്ച്. നാഗേഷ്, മുന്‍ മന്ത്രി ബി. ശ്രീരാമലു തുടങ്ങിയവരാണ് മന്ത്രിമാരുടെ പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. 

സര്‍ക്കാരിന് അഞ്ചുപേരുടെ ഭൂരിപക്ഷമാണുള്ളത്. ഈ സാഹചര്യത്തില്‍ വിഭാഗീയത രൂക്ഷമായാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും. മൂന്നുതവണ തുടര്‍ച്ചയായി വിജയിച്ച 56-ഓളം മുതിര്‍ന്ന നേതാക്കള്‍ മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദം ചെലുത്തുന്നുണ്ട്.

അതിനിടെ, സഖ്യസര്‍ക്കാരിന്റെ പതനത്തിന് വഴിയൊരുക്കി എം.എല്‍.എ.സ്ഥാനം രാജിവെച്ച 17 പേര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചനടത്തി. സ്പീക്കര്‍ അയോഗ്യരാക്കിയതിനെതിരേ ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

ബി.ജെ.പി. ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്ന് യെദ്യൂരപ്പ ഉറപ്പുനല്‍കി. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ്, ജെ.ഡി.എസ്. എം.എല്‍.എ.മാര്‍ രാജിവെച്ചത്. ഇവര്‍ക്കായി പത്ത് മന്ത്രിസ്ഥാനം ഒഴിച്ചിടാന്‍ ബി.ജെ.പി. തീരുമാനിച്ചിട്ടുണ്ട്.

17 എം.എല്‍.എ.മാരെ അയോഗ്യരാക്കിയതിനാല്‍ ആറുമാസത്തിനകം ഇവരുടെ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കും. ഇതില്‍ പത്തെണ്ണത്തില്‍ വിജയിക്കാനായില്ലെങ്കില്‍ ബി.ജെ.പി.ക്ക് സര്‍ക്കാരിനെ നിലനിര്‍ത്താനാവില്ല. സുരക്ഷിതമായ ഭൂരിപക്ഷം ഉറപ്പാക്കാന്‍ ജെ.ഡി.എസില്‍നിന്നും കൂടുതല്‍ എം.എല്‍.എ.മാരെ അടര്‍ത്തിയെടുക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്. ജെ.ഡി.എസിലുള്ള 12 എം.എല്‍.എ.മാരുമായി ബി.ജെ.പി. ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: karnatak cabinet; bs yediurappa given 17 ministers list to governor, they will take oath today