ചണ്ഡീഗഡ്:  ബി.ജെ.പിക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകരുടെ തല അടിച്ചു പൊട്ടിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി ഹരിയാണ കര്‍ണാലിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹ.  ഉദ്യോഗസ്ഥന്‍ പോലീസിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ശനിയാഴ്ച കര്‍ണാലിലേക്കുള്ള മാര്‍ച്ചിനിടെ ദേശീയപാത ഉപരോധിച്ച കര്‍ഷകര്‍ക്കെതിരേ ഉണ്ടായ ലാത്തിച്ചാര്‍ജില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിരുന്നു. കര്‍ണാലില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍, സംസ്ഥാന ബി.ജെ.പി നേതാവ് ഓം പ്രകാശ് ധന്‍കര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ പങ്കെടുത്ത യോഗത്തിനെതിരേയാണ് കര്‍ഷകര്‍ പ്രതിഷേധവുമായി എത്തിയത്‌.

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ആയുഷ് സിന്‍ഹ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നതും അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും നല്‍കുന്നത് കാണാം. 

'ആരായാലും എവിടെ നിന്ന് വന്നയാള്‍ ആയാലും അയാള്‍ അവിടെ എത്തരുത്. ഈ ലൈന്‍ അവര്‍ മറികടക്കാതിരിക്കാന്‍ നോക്കണം. എല്ലാവരും ലാത്തിയെടുത്ത് തയ്യാറാവുക, അവരെ തല്ലുക. ഇവിടെ കാണുന്ന ഓരോ പ്രതിഷേധക്കാരന്റെയും തലയില്‍ നിന്നും രക്തം ഒഴുകണം' അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

തന്റെ നിര്‍ദേശങ്ങള്‍ വ്യക്തമാണോ എന്ന് ചോദിക്കുന്ന സിന്‍ഹയ്ക്ക് വ്യക്തമെന്ന് പോലീസ് സംഘം മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ പലയിടത്തു നിന്നും കല്ലേറ് ഉണ്ടായെന്നും അതിനാല്‍ ആവശ്യത്തിന് സേനയെ ഉപയോഗിക്കാന്‍ മാത്രമാണ് താന്‍ നിര്‍ദേശിച്ചതെന്നും സിന്‍ഹ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

 

Content Highlights: karnal sdm instructs police to crack head of protestors