ന്യൂഡല്‍ഹി: ബോളീവുഡ് താരം മാധുരി ദീക്ഷിത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നടി കരീന കപൂറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ശ്രമം. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവായ യോഗേന്ദ്ര സിങ് ചൗഹാനാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സമീപകാലത്തൊന്നും കോണ്‍ഗ്രസ് വിജയമറിഞ്ഞിട്ടില്ലാത്ത ഭോപ്പാല്‍ മണ്ഡലത്തില്‍ കരീനയെ മത്സരിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. രാഹുല്‍ ഗാന്ധിയോടാണ്  ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ കരീനയോ മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാക്കന്മാരോ ഇതിനോട് പ്രതികരിച്ചിട്ടില്ല. 

ഭോപ്പാലിലെ രാജകുടുംബാംഗവും കോണ്‍ഗ്രസ് നേതാവുമായിരുന്ന മുന്‍ ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ മകന്‍ സെയ്ഫ് അലി ഖന്റെ ഭാര്യ കൂടിയാണ് കരീന. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് ആര്‍ക്കും തങ്ങളെ ഭോപ്പാലില്‍ തോല്‍പ്പിക്കാന്‍ കഴിയാത്തതിനാലാണ് കോണ്‍ഗ്രസ് കരീനയെ തേടി പോകുന്നതെന്ന് ബി.ജെ.പി പരിഹസിച്ചു. 

തിരഞ്ഞെടുപ്പ് അടുത്തതോടെ സിനിമാ താരങ്ങളെ സ്ഥാനാര്‍ത്ഥികളായി കൊണ്ടുവരാനുള്ള നെട്ടോട്ടത്തിലാണ് ഇരു പാര്‍ട്ടികളും. ബോളിവുഡിലെ നിരവധി പ്രമുഖരെ ബി.ജെ.പിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

content highlights: Kareena Kapoor, Congress, Bhopal Seat, bjp