ബെംഗളൂരു: ദിവസങ്ങള്‍നീണ്ട രാഷ്ട്രീയനാടകങ്ങള്‍ക്ക് വേദിയായ കര്‍ണാടകയില്‍ ഇനി നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പും ഏറെ നിര്‍ണായകം. കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് അയോഗ്യരാക്കപ്പെട്ട 15 എം.എല്‍.എമാരുടെ മണ്ഡലങ്ങളിലേക്കാണ് ഒക്ടോബര്‍ 21-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണം നഷ്ടമായെങ്കിലും പ്രതാപം അവസാനിച്ചില്ലെന്ന് തെളിയിക്കാന്‍ കോണ്‍ഗ്രസിനും ജെ.ഡി.എസിനും ഈ തിരഞ്ഞെടുപ്പുകളിലെ വിജയം ആവശ്യമാണ്. ഒപ്പം കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ യെദ്യൂരപ്പ സര്‍ക്കാരിനെ താഴെയിടാനും അവര്‍ക്കാകും. മറുഭാഗത്തുള്ള ബി.ജെ.പി.യ്ക്ക് ആകട്ടെ ആറുസീറ്റുകളില്‍ എങ്കിലും സ്വന്തം സ്ഥാനാര്‍ഥികള്‍ ജയിച്ചാല്‍ മാത്രമേ അധികാരത്തില്‍ തുടരാനാകൂ. 

കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച വിമത എം.എല്‍.എമാരുടെ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. എന്നാല്‍ പിന്തുണ പിന്‍വലിച്ച എം.എല്‍.എമാരെ മുന്‍ സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചതിനാല്‍ ഇവര്‍ക്ക് ഇത്തവണ മത്സരിക്കാനാകില്ല. ആകെ 17 മണ്ഡലങ്ങളിലെ എം.എല്‍.എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയതെങ്കിലും ഇതില്‍ രണ്ട് മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടില്ല. 

അതേസമയം, ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് ജെ.ഡി.എസ്. വ്യക്തമാക്കി. എല്ലാ സീറ്റിലും ജെ.ഡി.എസ്. സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്നും കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍നിന്ന് പാഠംപഠിച്ചെന്നും ജെ.ഡി.എസ്. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ഉപതിരഞ്ഞെടുപ്പില്‍ ജെ.ഡി.എസ്. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എച്ച്.ഡി.ദേവഗൗഡയും മാധ്യമങ്ങളോട് പ്രതികരിച്ചു. 

ഉപതിരഞ്ഞെടുപ്പില്‍ ജെ.ഡി.എസുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസിലും നേരത്തെ അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമേ അന്തിമതീരുമാനമെടുക്കൂവെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. 

Content Highlights: 15 Assembly seats in karnataka go to by election on october 21, jds says they will contest in all seats and crucial election for bjp