ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ ദുഷ്ടന്മാരായി ചിത്രീകരിക്കരുതെന്ന് ഏതെങ്കിലും ബിജെപി നേതാവ് മോദിയോട് പരസ്യമായി പറഞ്ഞിട്ടുണ്ടോയെന്ന് മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍. മോദിയെ എല്ലായ്പ്പോഴും കുറ്റപ്പെടുത്തുന്നത് ഗുണകരമാവില്ലെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ അഭിപ്രായത്തെയാണ് കപില്‍ സിബല്‍ ട്വിറ്ററിലൂടെ വിമര്‍ശിച്ചത്.
പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാക്കളെയും ദുഷ്ടരാക്കി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഏത് ബി.ജെ.പി. നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും അദ്ദേഹത്തിന്റെ പാര്‍ട്ടിയോടും പറഞ്ഞിട്ടുള്ളതെന്ന് കപില്‍ സിബല്‍ ട്വിറ്ററില്‍ ചോദിച്ചു.
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് കഴിഞ്ഞദിവസമാണ് മോദിയെ പുകഴ്ത്തി പ്രസ്താവന നടത്തിയത്. എല്ലായ്പ്പോഴും മോദിയെ കുറ്റപ്പെടുത്തുന്നതും ദുഷ്ടനാക്കി ചിത്രീകരിക്കുന്നതും പ്രതിപക്ഷത്തിന് ഗുണംചെയ്യില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. 2014-2019 കാലത്ത് മോദി ചെയ്തത് എന്തെല്ലാമാണെന്ന് പരിശോധിക്കേണ്ട സമയമാണിതെന്നും 30 ശതമാനത്തിലധികം വോട്ടര്‍മാരുടെ പിന്തുണയോടെയാണ് അദ്ദേഹം വീണ്ടും അധികാരത്തിലെത്തിയതെന്നും ജയറാം രമേശ് പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ജയറാം രമേശിന് പിന്നാലെ കോണ്‍ഗ്രസ് നേതാവായ മനു അഭിഷേക് സിങ്വിയും സമാന അഭിപ്രായപ്രകടനവുമായി രംഗത്തെത്തി. മോദിയെ ദുഷ്ടനാക്കി ചിത്രീകരിക്കുന്നത് തെറ്റാണെന്നും വ്യക്തിപരമായല്ല, പകരം വിഷയാധിഷ്ടതമായ വിമര്‍ശനമാണ് വേണ്ടതെന്നുമായിരുന്നു മനു അഭിഷേക് സിങ്വിയുടെ അഭിപ്രായം. ശശി തരൂരും ജയറാം രമേശിനെ പിന്തുണച്ചിരുന്നു.
Content Highlights: Kapil Sibal Tweets Has Any BJP Leader Asked PM Modi Not To Demonise Opposition
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..