കപിൽ സിബൽ| Photo: PTI
ന്യൂഡല്‍ഹി: പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനമില്ലാതെ തീരുമാനങ്ങള്‍ എടുക്കുന്ന നിലയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം എത്തിച്ചേര്‍ന്നു കഴിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. 'പ്രസാദ റാം പൊളിറ്റിക്സാണ് ഇപ്പോള്‍. മുന്‍പ് ഇത് ആയാറാം ഗയാ റാം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം താന്‍ ഒരിക്കലും ഇത്തരമൊരു കാര്യം ചെയ്യില്ലെന്ന് ജിതിന് പ്രസാദയുടെ നടപടിയെ വിമര്‍ശിച്ച് സിബല്‍ എന്‍.ഡി.ടിവിയോടു പ്രതികരിച്ചു. അതേസമയം പാര്‍ട്ടി തങ്ങള്‍ പറയുന്നത് കേള്‍ക്കേണ്ട സമയം ആയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിതിന്റെ നീക്കത്തെ 'പ്രസാദ റാം പൊളിറ്റിക്സ്' എാന്നാണ് സിബല്‍ വിശേഷിപ്പിച്ചത്. 'പ്രസാദ റാം പൊളിറ്റിക്സ്' വ്യക്തിതാല്പര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നും അല്ലാതെ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി നേതൃത്വം എന്തു ചെയ്തു എന്ത് ചെയ്തില്ല എന്നതിനെ കുറിച്ചൊന്നും അഭിപ്രായം പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഇത്തരത്തില്‍ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനമില്ലാതെ തീരുമാനങ്ങള്‍ എടുക്കുന്ന നിലയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം എത്തിച്ചേര്‍ന്നുകഴിഞ്ഞു. പ്രസാദ റാം പൊളിറ്റിക്സിനെ അടിസ്ഥാനമാക്കിയുള്ളതാണ് അവ. മുന്‍പ് ഇത് ആയാറാം ഗയാ റാം ആയിരുന്നു. ബി.ജെ.പി. ജയിക്കാന്‍ പോകുന്നു എന്ന് ചിന്തിച്ച് ആളുകള്‍ അതിവേഗം വിട്ടുപോകുന്നത് നാം പശ്ചിമബംഗാളിലും കണ്ടതാണ്. ഒരു പ്രത്യയശാസ്ത്രത്തോടുള്ള ദൃഢവിശ്വാസത്തിന്റെ പുറത്തല്ല പകരം എനിക്ക് എന്ത് കിട്ടും എന്നതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നത്. മധ്യപ്രദേശിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലും സമാനമായ സംഗതിയാണ് സംഭവിച്ചത്- സിബല്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ അടിയന്തരമായി മാറ്റം വരണമെന്നും പാര്‍ട്ടി നേതൃത്വം കേട്ടേ മതിയാകൂവെന്നും സിബല്‍ പറഞ്ഞു. ജിതിന് പ്രസാദയെ പോലെ ഒരാള്‍ ബി.ജെ.പിയിലേക്ക് പോയത് എന്തുകൊണ്ടെന്ന് പറയാന്‍ കഴിയാത്ത കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായി ആയിരുന്ന ജിതിന്റെ ബി.ജെ.പിയിലേക്കുള്ള പോക്ക് കോണ്‍ഗ്രസില്‍ ആശങ്കകള്‍ സൃഷ്ടിച്ചിട്ടുണ്ട്. രണ്ടുവര്‍ഷത്തെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ജിതിന് ബി.ജെ.പിയിലേക്ക് കുടിയേറിയത്. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനെ ജിതിന്റെ പടിയിറക്കം ബാധിക്കുമോയെന്നും കോണ്‍ഗ്രസിന് ആശങ്കയുണ്ട്.
ജിതിന് പ്രസാദയ്ക്കു ശേഷം ഇനിയാരാകും ബി.ജെ.പി. പാളയത്തിലേക്ക് പോവുക എന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമാണ്. അതിനിടയിലാണ് വിഷയത്തില്‍ കപില്‍ സിബല്‍ പ്രതികരിച്ചത്. കോണ്‍ഗ്രസില്‍ സമഗ്രമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയവരില്‍ പ്രമുഖനാണ് സിബല്‍. ഇദ്ദേഹവും ഇന്നലെ ബി.ജെ.പിയില്‍ ചേര്‍ന്ന ജിതിന് പ്രസാദ ഉള്‍പ്പെടെ 23 പേരായിരുന്നു സോണിയക്ക് കത്ത് നല്‍കിയത്.
content highlights: kapil sibal on jitin prasada style of switch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..