കപിൽ സിബൽ, അശോക് ഗഹ്ലോത് | photo: PTI
ജയ്പൂര്‍: ഗാന്ധി കുടുംബത്തെയും രാഹുല്‍ ഗാന്ധിയേയും രൂക്ഷമായി വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനെതിരേ രാജസ്ഥാന് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗഹ്ലോത്ത്. നേതൃത്വത്തിനെതിരേയുള്ള സിബലിന്റെ ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കോണ്‍ഗ്രസ് സംസ്കാരത്തില്‍ വേരൂന്നിയ വ്യക്തിയല്ലെന്നും ഗഹ്ലോത്ത് വിമര്‍ശിച്ചു.
'കപില്‍ സിബല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പ്രശസ്തനായ അഭിഭാഷകനാണ്. രാജ്യം ബഹുമാനിക്കുന്ന വലിയൊരു അഭിഭാഷകനാണ് അദ്ദേഹം. എന്നാല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പലരും പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് കടന്നുവരാന്‍ ഏറെ പ്രയാസപ്പെടുമ്പോള്‍ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പിന്തുണയോടെ അധികം അധ്വാനമില്ലാതെ തന്നെ പാര്‍ട്ടിയുടെ മുന്‍നിരയിലേക്ക് ഉയര്‍ന്നുവന്ന ആളാണ് അദ്ദേഹം', ഗഹ്ലോത്ത് പറഞ്ഞു.
സോണിയയും രാഹുലും അദ്ദേഹത്തിന് നിരവധി അവസരങ്ങള്‍ നല്കി. കേന്ദ്രമന്ത്രിയാക്കി, പാര്‍ട്ടിയുടെ വക്താവായും നിയമിച്ചു. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ഇത്തരക്കാര്‍ക്ക് കോണ്‍ഗ്രസിന്റെ അടിസ്ഥാന കാര്യങ്ങള്‍ പോലും അറിയില്ല. കപില്‍ സിബല്‍ കോണ്‍ഗ്രസിന്റെ ചരിത്രം മറക്കുകയാണോയെന്നും ഗഹ്ലോത്ത് ചോദിച്ചു.
സിബലിന്റെ വിമര്‍ശനം നിരാശ കൊണ്ടാണ്. ഒരിക്കലും ഇത് പ്രതീക്ഷിച്ചില്ല. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും ഒരു മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയിട്ടില്ല. ഗാന്ധി കുടുംബം നയിച്ചാല്‍ മാത്രമേ കോണ്‍ഗ്രസിന് ഒറ്റക്കെട്ടായി നില്കാന് സാധിക്കൂവെന്ന് രാജ്യത്തിനൊന്നടങ്കം അറിയാം. പാര്‍ട്ടിക്കുള്ളിലെ സംഘര്‍ഷങ്ങളാണ് പഞ്ചാബ് നഷ്ടപ്പെടുത്തിയതെന്നും ഗഹ്ലോത്ത് പറഞ്ഞു.
പാര്‍ട്ടിയുടെ അധ്യക്ഷനല്ലായിരുന്നിട്ടും രാഹുല്‍ ഗാന്ധി എല്ലാ തീരുമാനങ്ങളും എടുക്കുന്നുവെന്നും പഞ്ചാബില്‍ രാഹുല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ഏത് പദവിയുടെ ബലത്തിലാണെന്നും കപില്‍ സിബല്‍ ചൊവ്വാഴ്ച ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ചോദിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വം സാങ്കല്പിക ലോകത്താണെന്നും പാര്‍ട്ടിയെ ഒരു വീട്ടില്‍ ഒതുക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചുരുന്നു. ഇതിനുപിന്നാലെയാണ് അശോക് ഗഹ്ലോത്തിന്റെ വിമര്‍ശനം.
Content Highlights: Kapil Sibal isn't a person from Congress culture, Ashok Gehlot on Gandhis criticism
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..