കപിൽ സിബൽ| Photo: Mathrubhumi
ന്യൂഡല്‍ഹി: ഇരകളെ വേട്ടയാടിയ കാര്യത്തില്‍ 1984-ലെ സിഖ് വിരുദ്ധ കലാപവും 2002-ലെ ഗുജറാത്ത് കലാപവും സമാനമായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട ഗുജറാത്ത് എം.പി. എഹ്സാന്‍ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രിക്കു വേണ്ടി ഹാജരായതായിരുന്നു സിബല്‍.
ഗുജറാത്ത് കലാപത്തേക്കുറിച്ചുള്ള അന്വേഷണം, പ്രത്യേക അന്വേഷണ സംഘം കൈകാര്യം ചെയ്തതിനെയും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെയും ചോദ്യംചെയ്താണ് സാക്കിയ സുപ്രീം കോടതിയെ സമീപിച്ചത്.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മരണത്തിനു ശേഷം ഡല്‍ഹിയില്‍ അരങ്ങേറിയ കലാപത്തിന്റെ സ്വഭാവം സിബല്‍ വിവരിച്ചു. 'ഞാന്‍ താമസിച്ചിരുന്നത് മഹാറാണി ബാഗിലായിരുന്നു. അവിടെ രണ്ട് സിഖുകാരുടെ വീടുണ്ടായിരുന്നു. അക്കാര്യം നേരത്തെ തിരിച്ചറിഞ്ഞ ആള്‍ക്കൂട്ടം, ആ രണ്ടു വീടുകള്‍ക്കു വേണ്ടി അവിടേക്ക് വരികയായിരുന്നു. സമാനമായി, 2002-ലെ ഗുജറാത്ത് കലാപ സമയത്ത് മുസ്ലിങ്ങളുടെ വീടുകള്‍ തിരിച്ചറിഞ്ഞ് ആക്രമിക്കപ്പെട്ടു', സിബല്‍ കോടതിയില്‍ പറഞ്ഞു.
ഗുജറാത്ത് കലാപം അന്വേഷിക്കാന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ഒരു അന്വേഷണവും നടത്തിയില്ലെന്നും സിബല്‍ ആരോപിച്ചു. എസ്.ഐ.ടിയെ കുറിച്ച് അന്വേഷണം നടത്തണം. എസ്.ഐ.ടി. അവരുടെ ജോലി ചെയ്തില്ല. വി.എച്ച്.പി., ബജ്റംഗ് ദള്‍, ആര്.എസ്.എസ്. എന്നീ സംഘടനകളുടെ അംഗങ്ങളെയും പ്രമുഖരെയും സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് എസ്.ഐ.ടി. പ്രവര്‍ത്തിച്ചത്, സിബല്‍ പറഞ്ഞു. ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി.ടി. രവികുമാര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അവര്‍ കണ്ടെത്തിയ വസ്തുതകള്‍ക്ക് വിരുദ്ധമായ നിഗമനങ്ങളാണ് എസ്.ഐ.ടി. സമര്‍പ്പിച്ചതെന്നും സിബല്‍ പറഞ്ഞു. 2008-ലാണ് സുപ്രീം കോടതി നിര്‍ദേശ പ്രകാരം സി.ബി.ഐ. മുന്‍ മേധാവി ആര്.കെ. രാഘവന്റെ നേതൃത്വത്തില്‍ എസ്.ഐ.ടി. രൂപവത്കരിക്കപ്പെടുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസിനും എസ്.ഐ.ടിയ്ക്കും പ്രതിഫലം ലഭിച്ചെന്നും സിബല്‍ ചൂണ്ടിക്കാണിച്ചു.
എസ്.ഐ.ടി. അധ്യക്ഷനെ സൈപ്രസിന്റെ ഹൈക്കമ്മിഷണറാക്കി. അഹമ്മദാബാദ് പോലീസ് മേധാവിയുടെ ഫോണ്‍ കോള്‍ റെക്കോഡുകള്‍, അദ്ദേഹം കുറ്റാരോപിതരുമായി സംസാരിച്ചിരുന്നെന്ന് വ്യക്തമാക്കുന്നതാണ്. എന്നിട്ടും അദ്ദേഹത്തെ പിന്നീട് ഗുജറാത്ത് ഡി.ജി.പിയാക്കി., സിബല്‍ പറഞ്ഞു. കേസിന്റെ അടുത്തവാദം നവംബര്‍ 16-ന് നടക്കും.
2002 ഫെബ്രുവരി 28-ന് അഹമ്മദാബാദിലെ ഗുല്‍ബെര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ട 68 പേരില്‍ സാക്കിയയുടെ ഭര്‍ത്താവും എം.പിയുമായ എഹ്സാന്‍ ജാഫ്രിയും ഉള്‍പ്പെട്ടിരുന്നു. 2008-ല്‍ രൂപവത്കരിച്ച എസ്.ഐ.ടി. 2012-ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നരേന്ദ്ര മോദിക്കും മറ്റ് 63 പേര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നതായിരുന്നു റിപ്പോര്‍ട്ട്.
content highlights: kapil sibal draws parallel between 1984 and gujrat riot in zakia jafri case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..