കപിൽ സിബൽ| Photo: PTI
ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ഉന്നത നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. പ്രസിഡന്റ് ഇല്ലാതെ പാര്‍ട്ടി മുന്നോട്ടു പോകുന്നത് തുടരുകയാണെന്നും ആരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് ആര്‍ക്കും അറിയില്ലെന്നും സിബല്‍ പറഞ്ഞു.
'ഞങ്ങളുടെ പാര്‍ട്ടിയില്‍, പ്രസിഡന്റ് ഇല്ല. അതുകൊണ്ടു തന്നെ ആരാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്ന് ഞങ്ങള്‍ക്ക് അറിയുകയുമില്ല. ഞങ്ങള്‍ക്കറിയാം, എന്നാലും അറിയില്ല'- സിബല്‍ പറഞ്ഞു. പഞ്ചാബ് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരെയും പേരെടുത്തു പറഞ്ഞായിരുന്നില്ല, സിബലിന്റെ വിമര്‍ശനം. എന്നിരുന്നാലും പഞ്ചാബ് വിഷയത്തില്‍ തീരുമാനം കൈക്കൊണ്ട കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധിയെയും ഉന്നംവെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെന്നാണ് സൂചന. തങ്ങള്‍ ഗ്രൂപ്പ് 23 ആണെന്നും അല്ലാതെ 'ജി ഹുസൂര്‍-23' (ശരി അങ്ങുന്നേ) അല്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ സമഗ്ര പരിഷ്‌കാരം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ മുതിര്‍ന്ന 23 നേതാക്കളുടെ കൂട്ടായ്മയാണ് ജി-23 അഥവാ ഗ്രൂപ്പ് 23. കഴിഞ്ഞ കൊല്ലമാണ് ജി 23 കത്തെഴുതിയത്.
പാര്‍ട്ടിയിലെ തുടര്‍ച്ചയായ കൊഴിഞ്ഞുപോക്കിന്റെയും പഞ്ചാബ് പ്രതിസന്ധിയുടെയും പശ്ചാത്തലത്തില്‍ പ്രവര്‍ത്തക സമിതി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ജി 23-ല്‍ ഉള്‍പ്പെട്ട മറ്റൊരു നേതാവ് ഗുലാം നബി ആസാദ് കഴിഞ്ഞദിവസം സോണിയാ ഗാന്ധിക്ക് കത്തുനല്‍കിയിരുന്നു.
'എന്തുകൊണ്ടാണ് ആളുകള്‍ വിട്ടുപോകുന്നത്? നമ്മുടെ കുഴപ്പം കൊണ്ടാണോ എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. അടിയന്തരമായി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി വിളിച്ചുചേര്‍ക്കണം. അങ്ങനെയെങ്കില്‍ ചുരുങ്ങിയത് ഒരു ചര്‍ച്ചയെങ്കിലും നടക്കും. ഞങ്ങള്‍ പാര്‍ട്ടിയുടെ തത്വസംഹിത ഉപേക്ഷിക്കുകയോ മറ്റെവിടേക്കെങ്കിലും പോവുകയോ ഇല്ല. അവരോട് (നേതൃത്വം) അടുപ്പമുള്ളവര്‍ പാര്‍ട്ടി വിടുകയും അവരോട് അടുപ്പമില്ലെന്ന് കരുതുന്നവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ തുടരുകയും ചെയ്യുന്നു എന്നതാണ് കോണ്‍ഗ്രസിലെ വൈരുധ്യം', സിബല്‍ കൂട്ടിച്ചേര്‍ത്തു.
content highlights: kapil sibal criticize congress leadership
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..