ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയിലെ ഇന്ത്യയുടെ മോശം റാങ്കിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്കെതിരേ പരിഹാസവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ട്വിറ്ററിലൂടെയാണ് കപില്‍ സിബലിന്റെ പ്രതികരണം. 

ദാരിദ്ര്യം, വിശപ്പ്, ഡിജിറ്റല്‍ ഇക്കോണമി, ഇന്ത്യയെ ആഗോള ശക്തിയായി വളര്‍ത്തല്‍ എന്നിവയെ വേരോടെ പിഴുതുകളഞ്ഞതില്‍ അഭിനന്ദനങ്ങള്‍ മോദി ജി. പട്ടിണി സൂചികയില്‍ 2020ല്‍ ഇന്ത്യയ്ക്ക് 94ആം റാങ്ക്, 2021ല്‍ 101ആം റാങ്ക്. ബംഗ്ലാദേശിനും പാകിസ്താനും നേപ്പാളിനും പിന്നില്‍..!', കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു. 

ഐറിഷ് ജീവകാരുണ്യ സ്ഥാപനമായ കണ്‍സേണ്‍ വേള്‍ഡ്‌വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹങ്കര്‍ ഹില്‍ഫെയും ചേര്‍ന്നാണ് ജി.എച്ച്.ഐ. റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളര്‍ച്ചാ മുരടിപ്പ് എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്. ഇന്ത്യയിലെ സ്ഥിതി ഭയപ്പെടുത്തുന്നതെന്നാണ് ഇവരുടെ വിലയിരുത്തല്‍. 

അയല്‍രാജ്യങ്ങളായ പാകിസ്താനും നേപ്പാളുമെല്ലാം പട്ടികയില്‍ 'ഗുരുതരം' വിഭാഗത്തിലാണെങ്കിലും റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്. 107 രാജ്യങ്ങളുടെ പേരുകളാണ് ആഗോള പട്ടിണി സൂചികയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Content Highlights: Kapil Sibal As India Slips In Hunger Index