ന്യൂഡല്‍ഹി: വടക്ക്-കിഴക്കന്‍ ഡല്‍ഹിയില്‍ ഞായറാഴ്ച ഒത്തുകൂടാന്‍ ആഹ്വാനം ചെയ്തുള്ള ബിജെപി നേതാവ് കപില്‍ മിശ്രയുടെ പ്രസ്താവനയാണ് ഡല്‍ഹി കലാപത്തിന് വഴിതെളിച്ചതെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെ എഎപി നേതാവ് താഹിര്‍ ഹുസൈനെതിരെ ആരോപണവുമായി കപില്‍ മിശ്ര.
ഡല്‍ഹി കലാപ സമയത്തെ താഹിര്‍ ഹുസൈന്റെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടാല്‍ അക്രമത്തില്‍ എഎപി നേതാക്കളായ സഞ്ജയ് സിങ്ങിനും കെജ്‌രിവാളിനുമുള്ള പങ്കും അങ്കിത് ശര്‍മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും പുറത്തുവരുമെന്ന് കപില്‍ മിശ്ര പറയുന്നു.
'കൊലപാതകി ഹുസൈനാണ്. ദണ്ഡുകളും, കല്ലുകളും, ബുളളറ്റുകളും, പെട്രോള്‍ ബോംബുകളും കൈയില്‍ കരുതിയ മുഖംമൂടി ധരിച്ച ആണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന താഹിര്‍ ഹുസൈനെ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. താഹിര്‍ തുടര്‍ച്ചയായി എഎപി നേതാക്കളോടും അരവിന്ദ് കെജ്‌രിവാളിനോടും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ വിഭജിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നവരെയും ടെറസില്‍ പെട്രോള്‍ ബോബുകള്‍ കണ്ടെത്തിയ വീട്ടുകാരനെയും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ 35 ലക്ഷം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടണ്ടാക്കുന്ന റോഡിലെ ഉപരോധം നീക്കണമെന്ന് അഭ്യര്‍ഥിച്ച വ്യക്തിയെ തീവ്രവാദിയെന്ന് വിളിക്കുന്നു. ചില ആളുകള്‍ പോലീസിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയാണ്. ഇവരില്‍ നേതാക്കളും ആക്ടിവിസ്റ്റുകളുമുണ്ട്. അക്രമം അവസാനിക്കണം.ഇത് തെറ്റായ മതേതരത്വവും തെറ്റായ ലിബറലിസവുമാണ് - കപില്‍ മിശ്ര പറഞ്ഞു.
38 പേര്‍ കൊല്ലപ്പെട്ട ഡല്‍ഹി കലാപത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രാദേശിക നേതാവ് താഹിര്‍ ഹുസൈന് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. കലാപം നടക്കുന്ന സമയത്ത് ഈസ്റ്റ് ഡെല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 59-ാം വാര്‍ഡായ നെഹ്റു വിഹാറിലെ കൗണ്‍സിലറായ താഹിര്‍ ഹുസൈന്‍ കലാപകാരികള്‍ക്ക് ഒപ്പമായിരുന്നുവെന്നാണ് ആരോപണം. താഹിര്‍ ഹുസൈന്റെ വീട്ടില്‍ ആയുധങ്ങളും മറ്റും സംഭരിച്ചിരുന്നുവെന്നും ഇവിടെ കലാപകാരികള്‍ സംഘടിക്കുകയും മറ്റ് വീടുകളിലേക്ക് പെട്രോള്‍ ബോംബുകളും കല്ലുകളും മറ്റും വലിച്ചെറിഞ്ഞെന്നും ആരോപണമുണ്ട്. താഹിര്‍ ഹുസൈന്റെ വീടിന് മുകളില്‍ നിന്ന് കലാപകാരികള്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്.
കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മയുടെ മരണത്തിന് പിന്നില്‍ താഹിര്‍ ഹുസൈനാണെന്ന് അങ്കിതിന്റെ സഹോദരന്‍ ആരോപിച്ചിരുന്നു. കലാപകാരികള്‍ക്ക് താഹിറിന്റെ വീട്ടില്‍ അഭയം നല്‍കിയെന്നും അവര്‍ കല്ലുകളും പെട്രോള്‍ ബോംബുകളും പ്രയോഗിച്ചുവെന്നുമാണ് അങ്കിതിന്റെ സഹോദരന്‍ ആരോപിച്ചത്. എന്നാല്‍ വാര്‍ത്തകള്‍ താഹിര്‍ ഹുസൈന്‍ നിഷേധിച്ചു.
രാഷ്ട്രീയ എതിരാളികള്‍ തന്നെ തകര്‍ക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. തന്നേപ്പറ്റിയുള്ള വാര്‍ത്തകള്‍ തെറ്റാണ്. കപില്‍ മിശ്രയുടെ പ്രസംഗത്തിന് പിന്നാലെ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ വഷളാവുകയും കല്ലേറും അക്രമങ്ങളും നടക്കുകയും ചെയ്തു. അതുതന്നെയാണ് ഇവിടെയും നടന്നതെന്നാണ് താഹിര്‍ തന്റെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്.
അതേസമയം, കപില്‍ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തില്‍ കേസെടുക്കാത്തതിനെ ഡല്‍ഹി ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. നടപടിയെടുത്തില്ലെങ്കില്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. എന്നാല്‍ വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ ഉടന്‍ കേസെടുക്കാന്‍ ആവില്ലെന്നും ഡല്‍ഹിയിലെ നിലവിലെ സമാധാനന്തരീക്ഷത്തെ അത് ബാധിക്കുമെന്നാണ് ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചത്.
Content Highlights: Kapil Mishra demands to check on Thahir Hussains phone records