ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പരിഹസിച്ച് എഎപി വിമത എംഎല്‍എ കപില്‍ മിശ്രയുടെ ട്വീറ്റ്. ലഫ്.ഗവർണറുടെ വസതിയിലെ കെജ്‌രിവാളിന്റെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ ഇനിയെങ്കിലും വസ്ത്രം മാറ്റാനാണ് മിശ്ര പരിഹസിച്ചത്. 

സര്‍, ദയവായി താങ്കളുടെ വസ്ത്രം മാറൂ, അല്ലെങ്കില്‍ താങ്കള്‍ക്ക് എന്തെങ്കിലും അണുബാധയുണ്ടാകും. പിന്നീട് മോദിജി നിങ്ങളെ വസ്ത്രം മാറാന്‍ അനുവദിച്ചില്ലെന്ന് പറയരുത്. ഇതായിയിരുന്നു കപില്‍ മിശ്രയുടെ ട്വീറ്റ്. 

വീട്ടുപടിക്കല്‍ റേഷന്‍ എത്തിച്ചു നല്‍കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതിക്ക് ലഫ്.ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതിനെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്കെജ്‌രിവാളും മറ്റ് മൂന്ന് മന്ത്രിമാരും നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെയാണ് പരിഹാസവുമായി കപില്‍ മിശ്ര എത്തിയിരിക്കുന്നത്. 

സമരത്തിന്റെ മൂന്നാം ദിനമായ ഇന്നലെ എഎപി നേതാക്കളുടെ നേതൃത്വത്തില്‍ വലിയ റാലിയാണ് ലഫ്.ഗവര്‍ണറുടെ ഒഫീസിലേക്ക് നടത്തിയത്. ബിജെപിയില്‍ നിന്ന് അടുത്തിടെ രാജിവെച്ച് എഎപിയില്‍ ചേര്‍ന്ന യശ്വന്ത് സിന്‍ഹയും റാലിയില്‍ പങ്കെടുത്തിരുന്നു. 

അതേസമയം, ഡല്‍ഹി സര്‍ക്കാര്‍ നിഷ്‌ക്രീയമാണെന്ന് ആരോപിച്ച് ബിജെപിയും എഎപി വിമത എംഎല്‍എമാരും മുഖ്യമന്ത്രിയുടെ ഓഫീസ് ഉപരോധിച്ചിരുന്നു.