ന്യൂഡല്‍ഹി: 51 ാം വയസില്‍ കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്ക് ഒറ്റയ്‌ക്കൊരു ബൈക്ക് യാത്ര. ആഗസ്ത് ഒന്നിന് ആരംഭിച്ച യാത്ര എട്ടു സംസ്ഥാനങ്ങളും പിന്നിട്ട് തലസ്ഥാന നഗരിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു... 15 വര്‍ഷം മുമ്പ് സൈന്യത്തില്‍ നിന്ന് വിരമിച്ച ഗോപാലകൃഷ്ണന്‍ നായരുടെ വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍, എക്‌സ് മിലിട്ടറിക്കാരുടെ സ്ഥിരം പുളുവടിയാണ് ആദ്യം തോന്നും. എന്നാല്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മഹത്വം ഭാരതമൊട്ടാകെ പ്രചരിപ്പിക്കാനുള്ള യാത്രയിലൂടെ ഇദ്ദേഹം എല്ലാ മലയാളികള്‍ക്കും അഭിമാനമാകുകയാണ്.

19 ാം വയസിലാണ് ഗോപാലകൃഷ്ണന്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേരുന്നത്. വിരമിച്ച ശേഷം ബാങ്കില്‍ സേവനമനുഷ്ഠിച്ചുവരികയാണ്. നേതാജിയുടെ വലിയൊരു ആരാധകനാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ നേതാജി വഹിച്ച പങ്ക് ജനങ്ങളെ ഓര്‍മിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോപാലകൃഷ്ണന്‍ ബുള്ളറ്റില്‍ ഭാരതപര്യടനം ആരംഭിച്ചത്.

'സുഭാഷ് ചന്ദ്രബോസിന് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ ഗോപാലകൃഷ്ണന്‍ നായരുടെ ഭാരതയാത്ര' എന്ന ബോര്‍ഡും ദേശീയപതാകയുമുള്ള ബുള്ളറ്റിലാണ് യാത്ര.

ഭാരതത്തിലെ പല ഗ്രാമങ്ങളിലും നേതാജിയെ കുറിച്ച് കേട്ടിട്ടുപോലും ഇല്ലാത്ത ആളുകളുണ്ടെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു. ചരിത്രം ഒരിക്കലും അദ്ദേഹത്തോട് നീതിപുലര്‍ത്തിയിട്ടില്ല. മഹാത്മാ ഗാന്ധിക്ക് തുല്യമായി നാം സ്മരിക്കേണ്ടയാളാണ് സുഭാഷ് ചന്ദ്രബോസ് എന്ന് അവരെയെല്ലാം ഞാന്‍ പറഞ്ഞുമനസിലാക്കി. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള രേഖകള്‍ പൊതുജന സമക്ഷം അവതരിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.