ന്യൂഡല്‍ഹി: കഴിഞ്ഞ കൊല്ലത്തെ ലോക്ഡൗണ്‍ കാലത്താണ് കാന്താപ്രസാദ് എന്ന എണ്‍പതുകാരനും അദ്ദേഹം നടത്തുന്ന 'ബാബാ കി ദാബ'യും മാധ്യമങ്ങളില്‍ നിറയുകയും ശ്രദ്ധ നേടുകയും ചെയ്തത്. യൂട്യൂബ് വീഡിയോയിലൂടെ കാന്താപ്രസാദിന്റെ വിഷമസ്ഥിതി കണ്ടറിഞ്ഞ നിരവധി പേര്‍ അദ്ദേഹത്തെ സഹായിച്ചു. തനിക്ക് ലഭിച്ച സാമ്പത്തിക സഹായത്തില്‍ നിന്ന് കുറച്ച് വിഹിതമെടുത്ത് കാന്താപ്രസാദ് ഒരു ഹോട്ടല്‍ ആരംഭിക്കുകയും ചെയ്തു. 

എന്നാല്‍ നഷ്ടത്തിലായതിനെ തുടര്‍ന്ന് ഡല്‍ഹിയിലാരംഭിച്ച ഹോട്ടല്‍ അടച്ചുപൂട്ടി ഭാര്യയ്‌ക്കൊപ്പം വീണ്ടും തന്റെ 'ബാബ കി ദാബ' എന്ന പാതയോരവില്‍പനശാലയിലേക്ക് മടങ്ങിയിരിക്കുകയാണ് കാന്താപ്രസാദ്. ഒരു ലക്ഷം രൂപയാണ് ഹോട്ടലിനായി ചെലവിട്ടത്. എന്നാല്‍ അതില്‍ നിന്ന് ഇത്രയും കാലത്തിനിടെ ലഭിച്ചത് വെറും 35,000 രൂപ മാത്രവും. അതിനാലാണ് ഹോട്ടല്‍ അടച്ചുപൂട്ടാന്‍ കാരണമെന്ന് കാന്താപ്രസാദ് പറയുന്നു. 

മാളവ്യനഗറിലെ ദാബ താന്‍ മരിക്കുന്നിടത്തോളം നടത്തിക്കൊണ്ടുപോകാനാണ് ആഗ്രഹമെന്ന് കാന്താപ്രസാദ് പറയുന്നു. വരുമാനം തീരെയില്ലാതെ വന്നാല്‍ ദാബ അടച്ചുപൂട്ടിയേക്കാമെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ കൊല്ലം ലഭിച്ച പണത്തില്‍ നിന്ന് ഇരുപത് ലക്ഷം രൂപ തനിക്കും ഭാര്യയ്ക്കുമായി കരുതിയിട്ടുണ്ടെന്നും ഇനിയുള്ള കാലം ജീവിക്കാന്‍ ആ തുക ധാരാളമാണെന്നും കാന്താപ്രസാദ് കൂട്ടിച്ചേര്‍ത്തു. 

കോവിഡ് വ്യാപനം മൂലം ആകെയുള്ള വരുമാനമാര്‍ഗം ഇല്ലാതായതിനെ കുറിച്ച് സംസാരിക്കുന്ന കാന്താപ്രസാദിന്റെ വീഡിയോ യൂട്യൂബറായ ഗൗരവ് വാസനാണ് പുറത്തു വിട്ടത്. വീഡിയോ കാണാനിടയായ ലക്ഷക്കണക്കിനാളുകള്‍ കാന്താപ്രസാദിന് സഹായവുമായെത്തി. എന്നാല്‍ സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്നാരോപിച്ച് വാസനെതിരെ കാന്താപ്രസാദ് പരാതിപ്പെടുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 

 

Content Highlights: Kanta Prasad Baba Back To Dhaba After Delhi Restaurant Fails