കിരത്പുര്‍: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ കാര്‍ വളഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം. ചണ്ഡീഗഡ് - ഉന്നാവ് ഹൈവേയിലെ കിരാത്പുറിലാണ് പ്രതിഷേധം അരങ്ങേറിയത്. നിരവധി കര്‍ഷകരാണ് നടിയുടെ വാഹനം വളഞ്ഞ് പ്രതിഷേധിച്ചത്. പോലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്. 

അതേസമയം, സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും വിശദവിവരങ്ങള്‍ ശേഖരിച്ച ശേഷം പ്രതികരിക്കാമെന്നും കര്‍ഷക നേതാവ് രാകേഷ് ടികായത് പ്രതികരിച്ചു. കര്‍ഷക സമരത്തിനെതിരേ പ്രതികരിച്ചതിന് തനിക്ക് വധഭീഷണിയുണ്ടെന്ന് കങ്കണ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

കര്‍ഷക സമരത്തെ താരം പലതവണ വിമര്‍ശിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റും ഇട്ടിരുന്നു. അതിനിടെ,  തനിക്ക് നേരെ നിരന്തരം ഭീഷണി സന്ദേശങ്ങള്‍ അയക്കുകയാണെന്നും തന്നെ വധിക്കുമെന്ന് ഒരാള്‍ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും നടി ആരോപിച്ചു. എന്നാല്‍ ഇത്തരം ഭീഷണികള്‍ കണ്ട് താന്‍ ഭയക്കുന്നില്ലെന്നും രാജ്യത്തിനെതിരേ ഗൂഡാലോചന നടത്തുന്നവര്‍ക്കെതിരേ ഇനിയും പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു. 

സൈനികരെ കൊല്ലപ്പെടുത്തുന്ന നക്‌സലുകള്‍ക്കെതിരേയും ഖലിസ്ഥാന്‍ തീവ്രവാദികള്‍ക്കെതിരേയും താന്‍ പ്രതികരിക്കുമെന്നും കങ്കണ പറഞ്ഞു.

Content Highlights: kankana ranaut`s car surrounded by farmers at kirtapur