ന്യൂഡല്‍ഹി: പാട്യാല ഹൗസ് കോടതിയില്‍ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ച് കോടതിയില്‍ ഹാജരാക്കിയ പ്രതി കനയ്യ കുമാറിനെ കയേറ്റം ചെയ്തത് തങ്ങള്‍ തന്നെയെന്ന് ഒരു സംഘം അഭിഭാഷകര്‍. ഞങ്ങള്‍ ചെയ്യേണ്ടത് ചെയ്തുവെന്നാണ് ഇവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

200 പേര്‍ വരുന്ന അഭിഭാഷകരുടെ സംഘമാണ്, രാജ്യദ്രോഹ കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കിയ കനയ്യ കുമാറിനെ കോടതി വളപ്പില്‍ വെച്ച് ദാരുണമായി മര്‍ദ്ദിച്ചത്. സുപ്രീം കോടതി നേരത്ത നല്‍കിയ മുന്നറിയിപ്പും നിര്‍ദേശങ്ങളും അവഗണിച്ചായിരുന്നു അഭിഭാഷകരുടെ അഴിഞ്ഞാട്ടം. ''ഗോലി മാരോ, ഫാന്‍സി ദോ'' (വെടി വെക്കൂ, തൂക്കി കൊല്ലു) എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ഇവര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും കനയ്യ കുമാറിനും എതിരെ അക്രമം അഴിച്ചു വിട്ടത്. അക്രമം നടത്തുമ്പോള്‍ ദേശീയ പതാകയും ഇവര്‍ കയ്യില്‍ പിടിച്ചിരുന്നു.

അഭിഭാഷകരുടെ അഴിഞ്ഞാട്ടം തടയാന്‍ പോലീസ് ഒന്നും ചെയ്തില്ലെന്ന അക്ഷേപം പുറത്തു വന്നതിന് പിന്നാലെയാണ് ചെയ്ത അക്രമങ്ങള്‍ അഭിമാനത്തോടെ ഏറ്റു പറഞ്ഞ് അഭിഭാഷക സംഘം രംഗത്തെത്തിയിരിക്കുന്നത്. 

പാട്യാല കോടതിയില്‍ നടന്ന സംഭവത്തെ തുടര്‍ന്ന് സുപ്രീം കോടതിക്ക് അസാധാരണമായ ചില നടപടികള്‍ കൈക്കൊള്ളേണ്ടിയും വന്നു. സംഭവത്തില്‍ ഇടപെട്ട സുപ്രീം കോടതി പാട്യാല കോടതിയിലെ നടപടികള്‍ അടിയന്തരമായ നിര്‍ത്തി വെക്കാനും കോടതി ഉടനടി ഒഴിപ്പിക്കാനും ഉത്തരവിടുകയായിരുന്നു. ആറംഗ അഭിഭാഷക സംഘത്തെ പാട്യാല കോടതിയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പറഞ്ഞയക്കുകയുമുണ്ടായി. 

അഭിഭാഷക സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കനയ്യ കുമാറിന് മര്‍ദനമേറ്റിട്ടുണ്ടെന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാണെന്നും സംഘം നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ ദിവസം ഇതേ രീതിയില്‍ അക്രമമം അഴിച്ചുവിട്ട അതേ അഭിഭാഷകര്‍ തന്നെയാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് കടലാസിന്റെ വില പോലും കല്‍പ്പിക്കാതെ വീണ്ടും അക്രമം അഴിച്ചുവിട്ടത്. അഭിഭാഷക കമ്മിഷന്റെ റിപ്പോര്‍ട്ടിന് വിരുദ്ധമായി ഡല്‍ഹി പോലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ കനയ്യ കുമാറിന് മര്‍ദനമേറ്റിട്ടില്ലെന്നാണ്.

പാട്യാല കോടതി വളപ്പില്‍ നടന്ന ആക്രമണത്തിന് എതിരെ രാജ്യത്ത് പ്രതിഷേധം ആളുകയാണ്. അക്രമണത്തിനെതിരെ പ്രമുഖര്‍ ട്വിറ്ററില്‍ നടത്തിയ പ്രതികരണങ്ങള്‍ താഴെ...