ജിഗ്നേഷ് മേവാനിയും കനയ്യ കുമാറും |ഫോട്ടോ:ANI
ഒടുവില്‍ അക്കാര്യത്തില്‍ തീരുമാനമായിരിക്കുന്നു. സി.പി.ഐയുടെ വിപ്ലവനക്ഷത്രമായിരുന്ന കനയ്യ കുമാറും ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും രാഹുല്‍ ഗാന്ധിയില്‍നിന്ന് കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചിരിക്കുന്നു.
ഇന്ത്യന്‍ വിപ്ലവ ഇതിഹാസമായ ഭഗത് സിങിന്റെ ജന്മവാര്‍ഷിക ദിനത്തിലാണ് കനയ്യ വിപ്ലവ പാര്‍ട്ടിയില്‍നിന്നു വലതുപക്ഷ രാഷ്ട്രീയധാരയിലേക്ക് കാലെടുത്ത് വെക്കുന്നതെന്നതാണ് മറ്റൊരു വിരോധാഭാസം. ജെ.എന്‍.യുവിലെ തെരുവുകളില്‍ നാളിതുവരെ നടത്തിയ നവ ലിബറല്‍ നയങ്ങള്‍ക്കെതിരായ പ്രസംഗങ്ങളൊക്കെ കനയ്യയെ തിരിഞ്ഞു കൊത്തുമെങ്കിലും കോണ്‍ഗ്രസിന് അതൊരു രാഷ്ട്രീയ വിജയം തന്നെയാണ്. കരുത്താകുമെന്ന് കരുതിയവരെല്ലാം ബി.ജെ.പി. പാളയത്തിലേക്ക് പോകാന്‍ മത്സരിക്കുമ്പോള്‍ കനയ്യയെയും ജിഗ്‌നേഷ് മേവാനിയെയും പോലെ രാഷ്ട്രീയ ഉള്‍ക്കാമ്പുള്ള നേതാക്കന്മാര്‍ പാര്‍ട്ടിയിലെത്തുന്നത് അടുത്ത പോരാട്ടത്തിനൊരുങ്ങാന്‍ രാഹുലിന് ഊര്‍ജമാകുക തന്നെ ചെയ്യും.
പതിറ്റാണ്ടുകള്‍ക്കിടെ സി.പി.ഐ. പോലൊരു പാര്‍ട്ടിയില്‍നിന്ന് ഉയര്‍ന്നുവന്ന് ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ അപൂര്‍വം പേരില്‍ ഒരാളാണ് കനയ്യ. അതുകൊണ്ടുതന്നെയാണ് സി.പി.ഐ. തങ്ങളുടെ കേഡര്‍ സംവിധാനങ്ങളെല്ലാം മറികടന്ന്, പാര്‍ട്ടിയിലെ ജൂനിയറായ കനയ്യയെ പാര്‍ട്ടിയിലെ ഉന്നത ഘടകമായ ദേശീയ എക്സിക്യുട്ടീവില്‍ എടുത്തതും. പതിറ്റാണ്ടുകളുടെ പാര്‍ട്ടി പ്രവര്‍ത്തനം കൊണ്ട് മാത്രം ഒരു കേഡര്‍ എത്തുന്ന പാര്‍ട്ടിയിലെ ഉന്നത സ്ഥാനത്തേക്ക് കനയ്യ നടന്നു കയറിയതോടെ പാര്‍ട്ടിയില്‍ മുറുമുറുപ്പുകളും തുടങ്ങിയിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ പോലും നിരന്തരം ശോഷിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിക്ക് കനയ്യ കരുത്താകുമെന്നായിരുന്നു കനയ്യയെ അനുകൂലിച്ചവര്‍ കരുതിയത്. എന്നാല്‍ പാര്‍ലമെന്ററി മോഹങ്ങളുള്ള, പലപ്പോഴും പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്ന കനയ്യ പാര്‍ട്ടിക്ക് ബാധ്യതയാകുമെന്നായിരുന്നു എതിര്‍പക്ഷത്തിന്റെ വാദം.
ജെ.എന്‍.യു. വിട്ടശേഷം ബീഹാറില്‍ ശ്രദ്ധ കേന്ദ്രീകരിച്ച കനയ്യ, ബെഗുസരായിയില്‍ മത്സരിച്ചപ്പോഴും പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ വലിയ രീതിയില്‍ തല പൊക്കിയിരുന്നു. ബീഹാറിലെ ലെനിന്‍ഗ്രാഡ് എന്നറിയപ്പെട്ട, സി.പി.ഐക്ക് വലിയ സ്വാധീനമുള്ള ബെഗുസരായിയില്‍ കനയ്യ മത്സരിക്കാനിറങ്ങിയത് വലിയ പ്രതീക്ഷയോടെയായിരുന്നു. പാര്‍ട്ടി സംവിധാനങ്ങളുടെ കരുത്തും തന്റെ ജനസ്വാധീനവും ചേരുമ്പോള്‍ വിജയം എളുപ്പമാണെന്ന് കനയ്യ കരുതി.

ക്രൗഡ് ഫണ്ടിങ്ങിലൂടെ ലക്ഷങ്ങള്‍ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പിരിച്ച് കനയ്യ തുടക്കം ഗംഭീരമാക്കി. പക്ഷെ, പാര്‍ട്ടി ബീഹാര്‍ നേതൃത്വവും കനയ്യയും തമ്മില്‍ നിരന്തരം പ്രശ്നങ്ങള്‍ ആരംഭിച്ചു. പാര്‍ട്ടിയുടെ പരമ്പരാഗത തിരഞ്ഞെടുപ്പ് രീതികള്‍ക്ക് കനയ്യ വഴങ്ങിയില്ല. ഒരു ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് മാറ്റി ജെ.എന്‍.യു. സുഹൃത്തുക്കളും കനയ്യയുടെ എന്‍.ജി.ഒ. സംഘവും ഏറ്റെടുത്തു. പക്ഷെ, വീശിയടിച്ച ബി.ജെ.പി. തരംഗത്തില്‍ കനയ്യ വന്‍ പരാജയം ഏറ്റുവാങ്ങി.
ഇതിന് ശേഷമാണ് കനയ്യയെ ദേശീയ എക്സിക്യൂട്ടിവിലേക്ക് സി.പി.ഐ. തിരഞ്ഞെടുക്കുന്നത്. ഇതോടെ പ്രവര്‍ത്തനം ഡല്‍ഹിയില്‍ കേന്ദ്രീകരിച്ചതോടെ സി.പി.ഐ. ദേശീയ നേതൃത്വമായി കനയ്യ മാറുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ അതുണ്ടായില്ല. ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ കനയ്യക്ക് സീറ്റ് നല്‍കാന്‍ പോലും സി.പി.ഐ. തയ്യാറായില്ല. പ്രചാരണ രംഗത്തുനിന്ന് പോലും കനയ്യ പലപ്പോഴും മാറിനിന്നു. ഇതിനിടയില്‍ തന്നെ പുതിയ വഴികള്‍ കനയ്യ അന്വേഷിച്ചു തുടങ്ങിയിരുന്നു. ആദ്യം ജെ.ഡി.യു. ആയിരുന്നു ലക്ഷ്യംവച്ചിരുന്നത്. ഇത്തരം ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പാര്‍ട്ടിയിലേക്ക് നേതാക്കന്മാരെ അന്വേഷിച്ചിറങ്ങിയ രാഹുലിന്റെ ദൂതന്‍മാര്‍ കനയ്യയിലേക്കെത്തിയത്. വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ 'ബാധ്യതകള്‍' ഒന്നും കാര്യമായി പേറാത്ത കനയ്യയിലെ പ്രായോഗികവാദിയായ രാഷ്ട്രീയക്കാരന്‍ അവസാനം ഇതാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞു.
ഇത് ആദ്യമായല്ല ജെ.എന്‍.യുവിലെ ഇടത് വിപ്ലകാരികള്‍ രാഹുല്‍ പാളയത്തില്‍ എത്തുന്നതെന്നാണ് മറ്റൊരു രസകരമായ വസ്തുത. AISAയില്‍ നിന്നുള്ള മുന്‍ ജെ.എന്‍.യു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമാരായ സന്ദീപ് സിങ്ങും മോഹിത് പാണ്ഡേയും ഇന്ന് കോണ്‍ഗ്രസ്സിന്റെ ബുദ്ധികേന്ദ്രങ്ങളാണ്. യു.പിയില്‍ പ്രിയങ്കയുടെ ക്യാമ്പിനെ നയിക്കുന്നത് സി.പി.ഐ.(എം.എല്‍.) ലിബറേഷന്‍ അവരുടെ ഭാവി നേതൃത്വമായി കരുതിയിരുന്ന സന്ദീപ് സിങ്ങാണ്. മോഹിത് പാണ്ഡേ നിലവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഉത്തര്‍പ്രദേശ് ഘടകത്തിന്റെ സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ തലവനും.
ഗുജറാത്തിലെ ഉന ഗ്രാമത്തിലെ ദലിത് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയാണ് സാമൂഹ്യ പ്രവര്‍ത്തകനും അഭിഭാഷകനുമായ ജിഗ്നേഷ് മേവാനി ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഉന ഗ്രാമത്തില്‍ ഗോവധം ആരോപിച്ച് ദലിത് യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ദളിത് സംഘടനകളെ ഏകോപ്പിച്ചിച്ച് പ്രതിഷേധം സംഘടിപ്പിക്കാന്‍ ജിഗ്നേഷിനായിരുന്നു.
ഗുജറാത്തിലെ വാദ്ഗാം മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ. കൂടിയാണ് ജിഗ്നേഷ്. സ്വതന്ത്രനായി മത്സരിച്ച ജിഗ്നേഷിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. ചരിത്രപരമായി കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന വാദ്ഗാം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്താതെയാണ് ജിഗ്നേഷിന് പിന്തുണയര്‍പ്പിച്ചിരുന്നത്. രാഹുല്‍ ഗാന്ധിയടക്കം ജിഗ്നേഷിന്റെ പ്രചാരണത്തിനുമെത്തിയിരുന്നു.
ഗുജറാത്ത് വീണ്ടും നിയസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കുന്ന ഘട്ടത്തിലാണ് ജിഗ്നേഷിനെ കോണ്‍ഗ്രസ് കൂടാരത്തിലെത്തിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നഷ്ടപ്പെട്ട ദളിത് വോട്ട് ബാങ്ക് തിരിച്ചുപിടിക്കുകയാണ് ജിഗ്നേഷ് മേവാനിയെ പാര്‍ട്ടിയിലെത്തിക്കുന്നതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
Content Highlights: Kanhaiya Kumar-Jignesh Mevani-Congress
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..