രാഷ്ട്രീയത്തില്‍ പോരാടി ജയിക്കുന്നവരാണ് നേതാക്കള്‍. ഈ നിരയിലെ അവസാനം കണ്ട പോരാട്ടം ബംഗാളില്‍ മമതാ ബാനര്‍ജിയുടേതാണ്. നരേന്ദ്ര മോദി, അമിത് ഷാ, സോണിയാ ഗാന്ധി, മമതാ ബാനര്‍ജി തുടങ്ങി, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം ഉറപ്പിച്ച നേതാക്കളെല്ലാം പ്രതികൂല സാഹചര്യങ്ങളെ സധൈര്യം നേരിട്ട് വിജയിച്ചവരാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി അങ്ങനെയൊരു പോരാളിയാണോ? പോരാട്ടം പാതി വഴിയില്‍ ഉപേക്ഷിച്ച് ഓടിയൊളിക്കുന്ന, സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്ന ചീത്തപ്പേരുകൂടി സമ്പാദിച്ചിട്ടുണ്ട് 17 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് രാഹുല്‍.

വിളയാതെ പഴുത്തുവെന്ന് പറഞ്ഞ അവസ്ഥയാണ് രാഹുല്‍ ഗാന്ധിയുടേത്. കുടുംബ പാരമ്പര്യമായി കിട്ടിയ രാഷ്ട്രീയം. എല്ലാ അധികാരങ്ങളും കൈയ്യില്‍ വന്നുചേര്‍ന്നിട്ടും ഒന്നും ചെയ്യാന്‍ കഴിയാതെപോയ രാജകുമാരന്‍. രാഷ്ട്രീയത്തില്‍ ഒപ്പം കൂട്ടിയതാകട്ടെ കുടുംബ പാരമ്പര്യവുമായി രാഷ്ട്രീയത്തില്‍ എത്തപ്പെട്ട ഒരുകൂട്ടം രാജകുമാരന്മാരെ. ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, ഗൗരവ് ഗോഗോയ്, ദീപീന്ദര്‍ സിങ് ഹൂഡ അങ്ങനെ പോകുന്നു രാഹുല്‍ ബ്രിഗേഡ്.

രാഹുല്‍ ബ്രിഗേഡെന്ന രാഷ്ട്രീയ ബ്രാന്‍ഡിന്റെ പ്രഭാവം സ്വന്തം പാര്‍ട്ടിയില്‍ പോലും എശാതെപോയി. ജി 23 യെന്ന ബദല്‍ സംഘത്തെ സൃഷ്ടിക്കുന്നതില്‍ വരെ അതെത്തി. ഒരു സാധാരണ രാഷ്ട്രീക്കാരനെന്നതിന് അപ്പുറം രാഹുല്‍ ഗാന്ധി ഒന്നുമല്ലെന്ന് ഈ വര്‍ഷങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. നരേന്ദ്ര മോദിയെപ്പോലെ രാഹുല്‍ ഒരു ജനകീയ നേതാവല്ല. അമിത് ഷായെപ്പോലെ തന്ത്രശാലിയുമല്ല. ഇത് രണ്ടുമില്ലാതെ രാഷ്ട്രീയത്തില്‍ എന്ത് നിലനില്‍പ്പ്.

ബ്രിഗേഡിലുള്ളവര്‍ക്കും രാഹുലിനെ ശരിയായ ദിശയില്‍ നയിക്കാന്‍ കഴിഞ്ഞില്ല, കാരണം അവരില്‍ ഭൂരിപക്ഷം പേരും താഴെത്തട്ടില്‍ നിന്ന് ഉയര്‍ന്നു വന്നവരല്ല. അതിന്റെ പോരായ്മ അവര്‍ക്കുണ്ട്. അത് രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനത്തിലും നിഴലിച്ചു കാണാം. ഇപ്പോള്‍ ബ്രിഗേഡില്‍നിന്ന് ജ്യോതിരാദിത്യ സിന്ധ്യ പോലുള്ള രാജകുമാരന്മാര്‍ പലായനം ചെയ്തു കഴിഞ്ഞു. ബ്രിഗേഡിനെക്കൊണ്ട് രാഹുല്‍ ഗാന്ധിക്ക് ഒരു പ്രയോജനവുമുണ്ടായിട്ടില്ല.

അവിടെയാണ് സെപ്റ്റംബര്‍ 28 ന് നടക്കുമെന്ന് പറയുന്ന രണ്ടു നേതാക്കളുടെ കോണ്‍ഗ്രസ് പ്രവേശനം ചര്‍ച്ചയാകുന്നത്. മോദി അധികാരത്തിലെത്തിയ ശേഷം ഉയര്‍ന്നുവന്ന രണ്ട് നേതാക്കള്‍. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍, രണ്ടാമത്തേത് മോദിയുടെ തട്ടകമായ ഗുജറാത്തില്‍ നിന്നുള്ള ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി. രാഷ്ട്രീയത്തില്‍ പേരാടി ഇടം കണ്ടെത്തിയ രണ്ട് നായകന്‍മാര്‍.

ഇരുവരും രാഹുല്‍ ഗാന്ധിക്കൊപ്പം ചേരുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പ്രതിക്ഷിക്കാന്‍ എറെയുണ്ട്. നാടിനെയും നാട്ടുകാരെയും അറിയുന്ന രണ്ട് നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കുന്നത് പുതിയ ചിന്തയാകും. അവര്‍ രാഹുലിന് പുതിയ അറിവും ആവേശവും നല്‍കും. ആംആദ്മിയെ അറിയുന്ന നേതാക്കള്‍ കൈപിടിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെന്ന രാജകുമാരന് താഴേക്ക് ഇറങ്ങേണ്ടി വരും. യാഥാര്‍ഥ്യത്തെ നേരിടേണ്ടിവരും. രാഹുല്‍ ഗാന്ധിയെന്ന രാഷ്ട്രീയക്കാരനെ ഇന്ത്യയ്ക്ക് എന്തിന് വേണമെന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടി വരും.

Content Highlights: Kanhaiya Kumar Jignesh Mevani Rahul Gandhi