ന്യൂഡല്‍ഹി: വ്യക്തിപരമായ അഭിലാഷങ്ങള്‍ മൂലമാണ് കനയ്യ കുമാര്‍ പാര്‍ട്ടി വിട്ടതെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ. കനയ്യ പാര്‍ട്ടിയില്‍ നിന്ന് സ്വയം പുറത്തുപോയതാണ്. പാര്‍ട്ടി പദവികളില്‍ നിന്ന് കനയ്യയെ പുറത്താക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. 

ഒരു ദിവസംകൊണ്ട് മാജിക്ക് പോലെ ഉണ്ടായതല്ല കനയ്യ കുമാര്‍. ജെ.എന്‍.യു സമരകാലം മുതല്‍ കനയ്യയ്ക്ക് പിന്നില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കഠിനപ്രയത്‌നം കൂടിയുണ്ടായിരുന്നു. കനയ്യ കുമാര്‍ ബിജെപി, ആര്‍എസ്എസ്, സംഘപരിവാര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരുന്നപ്പോള്‍ സംരക്ഷണം നല്‍കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. കനയ്യയ്‌ക്കൊപ്പം പാര്‍ട്ടി നിന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് കനയ്യ കുമാറിന് പ്രതിബദ്ധത ഇല്ലായിരുന്നു. പാര്‍ട്ടിയേയും ആദര്‍ശങ്ങളേയും കനയ്യ കുമാര്‍ വഞ്ചിച്ചുവെന്നും ഡി. രാജ പറഞ്ഞു. 

കനയ്യ കുമാര്‍ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് നിര്‍ഭാഗ്യകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.

കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി നേരത്തെ ഡി. രാജയും കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. സംഘടിതമായ പ്രചാരണം മാത്രമാണ് കനയ്യ കുമാറിനെക്കുറിച്ച് നടക്കുന്നതെന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട് പോരാടുന്ന യുവനേതാവാണ് കനയ്യ എന്നുമായിരുന്നു റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ട് കാനം പ്രതികരിച്ചത്. 

ഇന്ന് കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.