കങ്കണ (ഇടത്), കങ്കണയുടെ പ്രസ്താവനക്കെതിരേ ശിവസേന വനിതാ പ്രവർത്തകരുടെ പ്രതിഷേധം. (വലത്). photo: ANI
മുംബൈ: ഭീഷണികള്‍ അവഗണിച്ച് സെപ്റ്റംബര്‍ ഒമ്പതിന് മുംബൈയില്‍ തിരിച്ചെത്തുമെന്ന് നടി കങ്കണ റണൗട്ട്. തിന്നുന്ന പാത്രത്തില്‍ തുപ്പുന്ന താരം പാക് അധീന കശ്മീരിലേക്ക് പോവുന്നതാണ് നല്ലതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത്. മുംബൈ പോലീസിനെച്ചൊല്ലി ശിവസേനാ നേതാവ് സഞ്ജയ് റാവുത്തുമായി വാക്പോര് തുടരുന്നതിനിടെയാണ് താന്‍ സെപ്റ്റംബര്‍ ഒമ്പതിന് മുംബൈയില്‍ തിരിച്ചെത്തുമെന്ന് കങ്കണ പ്രഖ്യാപിച്ചത്.
മുംബൈ പോലീസില്‍ വിശ്വാസമില്ലെങ്കില്‍ കങ്കണ മുംബൈയിലേക്ക് തിരിച്ചു വരേണ്ട എന്ന സഞ്ജയ് റാവുത്തിന്റെ പ്രസ്താവനയെ പരസ്യ ഭീഷണിയായി ചിത്രീകരിച്ചുകൊണ്ടായിരുന്നു അവരുടെ പ്രതികരണം. 'മുംബൈയിലേക്ക് തിരിച്ചു വരരുതെന്ന് പലരും ഭീഷണിപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് സെപ്റ്റംബര്‍ ഒമ്പതിന് മുംബൈയിലേക്കു പോകാന്‍ ഞാന്‍ തീരുമാനിച്ചു. അവിടെ വിമാനമിറങ്ങുന്ന സമയം അറിയിക്കാം. ധൈര്യമുള്ളവര്‍ തടയാന്‍ വരട്ടേ'- ഹിമാചല്‍ പ്രദേശിലെ മണാലിയിലെ വസതിയില്‍നിന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ കങ്കണ പറഞ്ഞു.
മുംബൈ നഗരം പാക് അധീന കശ്മീരിന് സമാനമായി തോന്നുവെന്നുവെന്ന കങ്കണയുടെ പ്രസ്താവനയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. മഹാരാഷ്ട്രയിലെ ഭരണ സഖ്യത്തെ കങ്കണ താലിബാനുമായി താരതമ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേന നേതാക്കള്‍ കങ്കണയ്‌ക്കെതിരേ തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
തിന്നുന്ന പാത്രത്തില്‍ തുപ്പുകയാണവര്‍. അവരുടെ മനോനില ശരിയല്ല. മുംബൈയിലേക്കു വരുന്നതിനു പകരം അവര്‍ പാക് അധീന കശ്മീരിലേക്ക് പോയ്ക്കോട്ടെ. രണ്ടു ദിവസം പാക് അധീന കശ്മീരില്‍ പോയി താമസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കങ്കണയെ സഹായിക്കണം. സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ അതിനുള്ള ചെലവു വഹിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്-ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവേ റാവുത്ത് പറഞ്ഞു.
നിങ്ങള്‍ താമസിക്കുന്ന, നിങ്ങള്‍ക്ക് പേരും പ്രശസ്തിയും തന്ന നഗരത്തെയാണ് നിങ്ങള്‍ അവഹേളിക്കുന്നത്. ആ നഗരത്തിന്റെ സുരക്ഷയ്ക്കു വേണ്ടി ജീവന്‍ ബലികഴിക്കാന്‍ തയ്യാറായി നില്‍ക്കുന്ന പോലീസുകാരെയാണ് അപമാനിക്കുന്നത്. ഇത്തരം ഭാഷയില്‍ ആരും സംസാരിക്കാന്‍ പാടില്ല - റാവുത്ത് പറഞ്ഞു.
മുംബൈ നഗരത്തെപ്പറ്റി കങ്കണ നടത്തിയ അഭിപ്രായ പ്രകടനത്തോട് ബി.ജെ.പി. യോജിക്കുന്നില്ലെന്ന് പാര്‍ട്ടി നേതാവ് ആഷിഷ് ഷെലാര്‍ പറഞ്ഞു. മുംബൈയിലെയും മഹാരാഷ്ട്രയിലെയും ജനങ്ങളെ മര്യാദ പഠിപ്പിക്കാന്‍ കങ്കണ ശ്രമിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം കങ്കണയ്‌ക്കെതിരേ ഭീഷണി ശക്തമായതോടെ വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. മുംബൈയില്‍ പ്രവേശിച്ചാല്‍ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശിവസേന എംഎല്‍എ പ്രതാപ് സര്‍നായികിനെതിരേ സ്വമേധയാ കേസെടുക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു. സംഭവത്തില്‍ നടപടിയെടുത്ത് എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ മഹാരാഷ്ട്ര ഡിജിപിക്ക് കത്തയക്കുമെന്നും രേഖ ശര്‍മ്മ വ്യക്തമാക്കി.
content highlights: Kangana Ranaut vs Maharashtra Government Over "Mumbai-PoK" Remark
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..