കങ്കണ റണാവത്ത് | Photo: PTI
മുംബൈ: അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ എല്ലായ്‌പോഴും അതിവേഗം പൊളിച്ചുനീക്കാറുണ്ടോ എന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷ (ബിഎംസി) നോട് ബോംബെ ഹൈക്കോടതി. നടി കങ്കണ റണാവത്തിന്റെ കെട്ടിടം പൊളിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നടിക്ക് മതിയായ സമയം നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു.
കോര്‍പ്പറേഷന്‍ ജീവനക്കാര്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനം കണ്ടെത്തിയ സെപ്റ്റംബര്‍ അഞ്ച്, ഏഴ് തീയതികളില്‍ അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും നടന്നിരുന്നില്ലെന്ന് കങ്കണയുടെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. ഇതോടെ അനധികൃത നിര്‍മാണ പ്രവര്‍ത്തനം കണ്ടെത്തിയ കോര്‍പ്പറേഷന്‍ ജീവനക്കാരന്റെ ഫോണ്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. ഫോണില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പരിശോധിക്കാനാണിത്.
കെട്ടിടം പൊളിക്കാന്‍ തുടങ്ങിയതിനുള്ള യഥാര്‍ഥ കാരണം അനധികൃത നിര്‍മാണമല്ല, ശിവസേന വക്താവ് സഞ്ജയ് റാവത്തും കങ്കണയും തമ്മില്‍ സാമൂഹ്യ മാധ്യമത്തിലൂടെ ഉണ്ടായ കലഹമാണെന്ന് നടിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പറഞ്ഞു. സഞ്ജയ് റാവത്തിന്റെ താത്പര്യ പ്രകാരമാണ് പൊളിക്കല്‍ നടത്തിയതെന്നും സര്‍ക്കാരിനെ വിമര്‍ശിച്ചതാണ് അദ്ദേഹത്തിന് ശത്രുതയുണ്ടാകാന്‍ കാരണമെന്നും അഭിഭാഷകന്‍ ആരോപിച്ചു.
അനധികൃത നിര്‍മാണപ്രവര്‍ത്തനം കണ്ടെത്തിയതിന്റെയും പരിശോധിച്ചതിന്റെയും നോട്ടീസ് നല്‍കിയതിന്റെയും മുഴുവന്‍ വിവരങ്ങളും ബിഎംസിയോട് ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ കെട്ടിടത്തില്‍ അനധികൃത രൂപമാറ്റം വരുത്തിയത് സംബന്ധിച്ച ആരോപണം കങ്കണ നിഷേധിച്ചിട്ടില്ലെന്ന് ബിഎംസി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിക്കുന്നത് നേരത്തെ രണ്ടംഗ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. പിന്നീട് രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ കോടതിയെ സമീപിച്ചു. അനധികൃത നിര്‍മാണമെന്ന് കോര്‍പ്പറേഷന്‍ ആരോപിക്കുന്ന കെട്ടിടത്തിന്റെ ഭാഗം 2019 ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതാണെന്നും തന്റെ കൈവശം അതിന്റെ തെളിവുണ്ടെന്നുമാണ് കങ്കണ അവകാശപ്പെടുന്നത്. 2020 ജനുവരിയില്‍ കെട്ടിടത്തില്‍ നടന്ന പൂജയുടെ ഫോട്ടോകള്‍ തെളിവായി കൈവശമുണ്ടെന്നാണ് നടി പറയുന്നത്.
Content Highlights: Kangana Ranaut case: BMC always this swift to demolish - asks high court
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..