ചെന്നൈ: ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന്‌ തയ്യാറാണെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്റെ വെളിപ്പെടുത്തല്‍. ഇതാദ്യമായാണ് കമല്‍ഹാസന്‍ സഖ്യത്തെക്കുറിച്ച്‌ പരസ്യമായി പ്രസ്താവന നടത്തുന്നത്.

'ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം തകര്‍ന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ തയ്യാറാണ്. കോണ്‍ഗ്രസ്-മക്കള്‍ നീതി മയ്യം സഖ്യം തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് കോണ്‍ഗ്രസിനോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.' ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കമല്‍ഹാസന്റെ പ്രസ്താവന. 

കോണ്‍ഗ്രസിനോടുള്ള കമല്‍ഹാസന്റെ മൃദുസമീപനം ഇതാദ്യമായല്ല പുറത്തുവരുന്നത്. കഴിഞ്ഞ ജൂണില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച നടത്തിയെങ്കിലും അത് നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള രാഷ്ട്രീയത്തെക്കുറിച്ചല്ല എന്നായിരുന്നു അന്ന് മാധ്യമങ്ങളോട് കമല്‍ഹാസന്‍ പ്രതികരിച്ചത്.

മക്കള്‍ നീതി മയ്യം അഴിമതിക്കെതിരെയാണ് പോരാടുന്നതെന്നാണ് കമല്‍ഹാസന്‍ പറയുന്നത്. ഡിഎംകെയും എഐഡിഎംകെയും അഴിമതിയ്‌ക്കൊപ്പമാണ്. അതുകൊണ്ടുതന്നെ ഇരുകൂട്ടരെയും തമിഴ്‌നാട്ടില്‍ അധികാരത്തില്‍ നിന്നു പുറത്താക്കാന്‍ ജനങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്നാണ് കമല്‍ഹാസന്റെ നിലപാട്.