ന്യൂഡൽഹി: യുഎസ് ഇന്ത്യയ്ക്ക് കോവിഡ് വാക്സിൻ കൈമാറും. യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇക്കാര്യം നേരിട്ട് വിളിച്ചറിയിച്ചു. ആഗോളതലത്തിൽ 25 മില്യൺ ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായാണ് യുഎസ് ഇന്ത്യയിലേക്കും വാക്സിൻ എത്തിക്കുന്നത്.

നരേന്ദ്ര മോദിക്ക് പുറമേ മെക്സിക്കോ പ്രസിഡന്റ് അൻഡ്രസ് മാനുവൽ ലോപസ്, ഗ്വാട്ടിമാല പ്രസിഡന്റ് അലജാൻഡ്രോ ജിയാമട്ടി, ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കീത്ത് റൗളി എന്നിവരോടും വാക്സിൻ നൽകുമെന്ന് വ്യാഴാഴ്ച കമല ഹാരിസ് നേരിട്ട് വിളിച്ചറിയിച്ചു.

കമല ഹാരിസുമായുള്ള ടെലിഫോൺ സംഭാഷണത്തിന് പിന്നാലെ ഇന്ത്യയ്ക്ക് വാക്സിൻ കൈമാറാനുള്ള തീരുമാനത്തെ അഭിനന്ദിക്കുന്നതായും അമേരിക്കയുടെ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രിമോദി ട്വീറ്റ് ചെയ്തു. ഇന്ത്യ-യുഎസ് വാക്സിൻ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള കാര്യങ്ങൾ ചർച്ച ചെയ്തുവെന്നും മോദി വ്യക്തമാക്കി.

യുഎസ് ആദ്യഘട്ടത്തിൽ നൽകുന്ന 25 മില്യൺ ഡോസിൽ ആറ് മില്യൺ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾക്ക് നേരിട്ട് കൈമാറും. ജൂൺ അവസാനത്തോടെ 80 മില്യൺ ഡോസ് വാക്സിൻ ആഗോളതലത്തിൽ വിതരണം ചെയ്യാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.

content highlights:Kamala Harris calls PM Modi; US to share Covid vaccines with India by June