ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ നേരിടാന്‍ 800 കോടിരൂപ കേന്ദ്രസഹായമായി അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ എട്ടു വയസുകാരിയെ ബലാല്‍സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണിത്.

ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2016ലെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ ബലാല്‍സംഗക്കേസുകള്‍ (4882) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മധ്യപ്രദേശില്‍നിന്നാണ്. ഉത്തര്‍പ്രദേശും (4816) മഹാരാഷ്ട്രയുമാണ് (4189) രണ്ടും മൂന്നും സ്ഥാനങ്ങളില്‍. കേന്ദ്രസഹായം ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കമല്‍നാഥ് കത്തയച്ചു കഴിഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങളില്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ മൊബൈല്‍ ഫോറന്‍സിക് ലാബുകളും ഡി.എന്‍.എ ലബോറട്ടറികളും അടക്കമുള്ളവ സ്ഥാപിക്കാനാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കേന്ദ്രസഹായം തേടുന്നത്. പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥരെയും നിയമ വിദഗ്ധരെയും കൗണ്‍സിലര്‍മാരെയും അടക്കം നിയോഗിക്കാനും നീക്കമുണ്ട്. സംസ്ഥാനം നേരിടുന്ന ഏറ്റവും ഗൗരവതരമായ പ്രശ്‌നം നേരിടാന്‍ കേന്ദ്രത്തിന്റെ പിന്തുണ വേണമെന്നാണ് കമല്‍നാഥ് അഭ്യര്‍ഥിച്ചിട്ടുള്ളത്.

Content Highlights: Madhya Pradesh, Crime against women, Kamal Nath seeks central grant