ഭോപ്പാല്‍: കോണ്‍ഗ്രസ് നിന്ന് കൂറുമാറി ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്ന വനിതാസ്ഥാനാര്‍ഥിക്കെതിരായ മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദത്തില്‍. 'ഐറ്റം' എന്ന് വിശേഷിപ്പിച്ച കമല്‍നാഥിന്റെ പരാമര്‍ശം പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചു. നവംബറില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെയായിരുന്നു കമല്‍നാഥിന്റെ പരാമര്‍ശം. 

ദാബ്രയില്‍ നടന്ന യോഗത്തിനിടെയാണ് കമല്‍നാഥ് ബിജെപി സ്ഥാനാര്‍ഥിയായ ഇമര്‍തി ദേവിയ്ക്കെതിരെ തിരിഞ്ഞത്. ഒരു 'ഐറ്റ'മായ എതിര്‍സ്ഥാനാര്‍ഥിയെ പോലെയല്ല തങ്ങളുടെ സ്ഥാനാര്‍ഥിയെന്നും അദ്ദേഹം എളിയവനാണെന്നുമായിരുന്നു കമല്‍നാഥിന്റെ വാക്കുകള്‍. 

'ഞാന്‍ എതിര്‍സ്ഥാനാര്‍ഥിയുടെ പേര് പറയണ്ട ആവശ്യമില്ലല്ലോ, എന്നേക്കാള്‍ നന്നായി നിങ്ങള്‍ക്കേവര്‍ക്കും അവരെ അറിയാം. എന്തൊരിനമാണത്'. കമല്‍ നാഥ് പറഞ്ഞു. കമല്‍നാഥിന്റെ പരാമര്‍ശത്തിനിടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകര്‍ ഇമര്‍തി ദേവി എന്ന് വിളിച്ചു പറയുകയും ചെയ്തു. 

പാവപ്പെട്ട കര്‍ഷകന്റെ മകളായി ജനിച്ച ഇമര്‍തി ദേവി ഒരു ഗ്രാമീണ തൊഴിലാളിയില്‍ നിന്നാണ് പൊതുപ്രവര്‍ത്തനമേഖലയിലേക്കെത്തിയതെന്ന് സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കമല്‍നാഥിന് മറുപടിയായി ട്വിറ്ററില്‍ കുറിച്ചു. ഒരു സ്ത്രീയ്ക്കെതിരെ ഇത്തരം പരാമര്‍ശം നടത്തിയതിലൂടെ കോണ്‍ഗ്രസിന്റെയും പാര്‍ട്ടി നേതൃത്വത്തിന്റെയും ജന്മിത്ത മനോഭാവമാണ് വെളിപ്പെടുന്നതെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച 10 മുതല്‍ 12 മണി വരെ മൗനം ആചരിച്ച് പ്രതിഷേധിക്കാനാണ് ചൗഹാന്റെ നീക്കം. 

ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ചതും ദളിതയായതും തന്റെ കുറ്റമാണോയെന്ന് ഇമര്‍തി ദേവി പ്രതികരിച്ചു. ഇത്തരത്തിലുള്ള വ്യക്തികളെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിയ്ക്കരുതെന്ന് ഒരു അമ്മ കൂടിയായ സോണിയ ഗാന്ധിയോട് ആവശ്യപ്പെടുകയാണെന്ന് അവര്‍ പറഞ്ഞു. ഇത്തരത്തില്‍ അപമാനിക്കപ്പെടുകയാണെങ്കില്‍ സ്ത്രീകള്‍ക്കെങ്ങനെ മുന്നോട്ട് പോകാനാകുമെന്നും അവര്‍ ചോദിച്ചു. 

കമല്‍നാഥിനെതിരെ ബിജെപി വക്താക്കള്‍ തിരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. ജ്യോതിരാദിത്യ സിന്ധ്യയോട് കൂറുപുലര്‍ത്തുന്ന ഇമര്‍തി ദേവിയും 21 എംഎല്‍എമാരും കോണ്‍ഗ്രസില്‍ നിന്നും നിയമസഭയില്‍ നിന്നും രാജി വെച്ച് മാര്‍ച്ചില്‍ ബിജെപിയില്‍ ചേര്‍ന്നതാണ് കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്തിയത്. 28 നിയമസഭാമണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബര്‍ മൂന്നിനാണ് നടക്കുന്നത്. നവംബര്‍ പത്തിനാണ് ഫലപ്രഖ്യാപനം.

Content Highlights: Kamal Nath's Item Dig At BJP Woman Candidate Triggers Outrage