ഭോപ്പാല്‍: മധ്യപ്രദേശില്‍ 140 സീറ്റുകളുമായി കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പിസിസി അധ്യക്ഷന്‍ കമല്‍നാഥ്. എക്‌സിറ്റ് പോള്‍ നടത്തിയ ഏജന്‍സികളിലെ ആളുകള്‍ വിളിച്ചിരുന്നതായും അവരുടെ കണ്ടെത്തലും കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് തന്നെയാണെന്നും കമല്‍നാഥ് അവകാശപ്പെട്ടു.

കോണ്‍ഗ്രസിനായി ജനവിധി തേടിയ 229 സ്ഥാനാര്‍ഥികള്‍ പങ്കെടുത്ത യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂസ് 18 നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശില്‍ അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ചരിത്രം രചിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലും ചത്തീസ്ഗഢിലും കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മണ്ഡല അടിസ്ഥാനത്തില്‍ അവലോകനം നടത്തിയതില്‍ നിന്ന് 140 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ വലിയ തിരിച്ചടി നേരിട്ട സ്ഥലങ്ങളിലും താന്‍ സന്ദര്‍ശം നടത്തി. അവിടങ്ങളില്‍ നിന്നുള്ള പ്രതികരണങ്ങളെല്ലാം അനുകൂലമാണെന്നും കമല്‍നാഥ് പറഞ്ഞു.

ഗുജറാത്തിലും, കര്‍ണാടകത്തിലും ചില അബദ്ധങ്ങള്‍ സംഭവിച്ചു. മധ്യപ്രദേശില്‍ ഈ അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൃത്യമായ ഗൃഹപാഠം ചെയ്തിരുന്നു. സ്ഥാനാര്‍ഥികള്‍ക്ക് കൃത്യമായ പരിശീലനം നല്‍കിയിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. 

Content Highlights: Kamal Nath claims Congress coming back in madhya pradesh, to form government