ചെന്നൈ: ഹിന്ദി രാജ്യത്തിന്റെ പൊതുവായ ഭാഷയാക്കണമെന്നും അത് ഇന്ത്യയെ ഒരുമിപ്പിക്കുമെന്നുമുള്ള കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരേ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍. ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായപ്പോള്‍ സംസ്ഥാനങ്ങള്‍ക്കു ലഭിച്ച വാഗ്ദാനങ്ങള്‍ ലംഘിക്കാന്‍ കേന്ദ്രത്തിന് അവകാശമില്ലെന്നും ഭാഷയുടെ പേരില്‍ ഒരു ഏറ്റുമുട്ടല്‍ ഇന്ത്യയ്‌ക്കോ തമിഴ്‌നാടിനോ ആവശ്യമില്ലെന്നും അദ്ദേഹം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു.

'നാനാത്വത്തിൽ ഏകത്വം എന്നതായിരുന്നു ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായപ്പോള്‍ നല്‍കപ്പെട്ട വാഗ്ദാനം. ഇപ്പോള്‍ ആ വാഗ്ദാനം മാറ്റാന്‍ ഒരു ഷായ്ക്കും സുല്‍ത്താനും സാമ്രാട്ടിനും സാധിക്കില്ല. ജെല്ലിക്കെട്ട് എന്നത് വെറും ഒരു സമരം മാത്രമായിരുന്നു. എന്നാല്‍ നമ്മുടെ ഭാഷയ്ക്കു വേണ്ടിയുള്ള ഏറ്റുമുട്ടല്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ വലുതായിരിക്കും. ഇന്ത്യയ്‌ക്കോ തമിഴ്‌നാടിനോ അങ്ങനെയൊരു ഏറ്റുമുട്ടല്‍ ആവശ്യമില്ല. ഞങ്ങള്‍ എല്ലാ ഭാഷയെയും ബഹുമാനിക്കുന്നു. എന്നാല്‍, തമിഴായിരിക്കും എക്കാലവും ഞങ്ങളുടെ മാതൃഭാഷ', കമല്‍ ഹാസന്‍ പറഞ്ഞു.

ബംഗാളിയിലുള്ള ദേശീയ ഗാനം രാജ്യമൊന്നാകെ സന്തോഷത്തോടെ ആലപിക്കുന്നു. ആ ഗാനമെഴുതിയ കവി എല്ലാ ഭാഷകളെയും സംസ്‌കാരത്തെയും ബഹുമാനിക്കുന്ന ആളായിരുന്നു. അതുകൊണ്ട് അത് നമ്മുടെ ദേശീയ ഗാനമായി. വൈവിധ്യങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്ന ഇന്ത്യയെ അങ്ങനെയല്ലാതാക്കാന്‍ ശ്രമിക്കരുത്. ദീര്‍ഘവീക്ഷണമില്ലാത്ത ഇത്തരം വിഡ്ഢിത്തം മൂലം എല്ലാവരും പ്രയാസപ്പെടേണ്ടിവരുമെന്നും കമല്‍ ഹാസന്‍ മുന്നറിയിപ്പു നല്‍കി.

ഹിന്ദിയെ രാജ്യത്തിന്റെ പൊതു ഭാഷയാക്കണമെന്ന അമിത് ഷായുടെ പ്രസ്താവന വിവിധ കോണുകളില്‍നിന്ന് രൂക്ഷമായ എതിര്‍പ്പുകളാണ് ഉയര്‍ത്തുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, ഐ.എം.ഐ.എം. അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തുടങ്ങിയവരും അമിത് ഷായ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Content Highlights: Kamal Haasan wades into Hindi row with ‘no Shah or Sultan’ jab at Amit Shah