ചെന്നൈ: വെള്ളിത്തിരയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് എന്നുള്ളതാണ് കാലങ്ങളായി തമിഴ്‌നാട്ടിലെ കീഴ്‌വഴക്കം. എംജിആര്‍, ജയലളിത, വിജയകാന്ത് എന്നിവർ ഇതിന് ഉദാഹരണമാണ്. ഈ വഴിയിൽ തന്നെയാണ് പ്രമുഖ സിനിമാതാരം കമല്‍ ഹാസനും

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അടുത്തകാലത്ത് അരങ്ങേറിയ കുതിരക്കച്ചവടത്തെ തുടര്‍ന്നാണ് അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നതെന്നാണ് വിലയിരുത്തലുകള്‍. അദ്ദേഹം എഐഎഡിഎംകെയ്ക്കും, മന്ത്രിമാര്‍ക്കുമെതിരെ കടുത്ത ആരോപണങ്ങളും ഉന്നയിക്കുകയും, അഴിമതിക്കെതിരെ പോരാടാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.    

നവംബറില്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഈ മാസം തന്നെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന. 4000 സ്ഥാനാര്‍ഥികളെ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ഫാന്‍സിനെ ലക്ഷ്യമാക്കിയാണ് പ്രഖ്യാപനമെങ്കിലും നേതൃത്വത്തെ കുറിച്ച് ധാരണയായിട്ടില്ല. 

എഐഎഡിഎംകെയെ ചെറുക്കുന്നതിനായി ഏതെങ്കിലും പ്രബല പാര്‍ട്ടിയുമായി ഡിഎംകെ സഖ്യമുണ്ടാക്കുന്നതിന് മുമ്പ് തന്നെ രാഷ്ട്രീയത്തില്‍ വേരുറപ്പിക്കാനാണ് കമല്‍ ഹാസന്‍ ശ്രമിക്കുന്നത്. 

തമിഴ് രാഷ്ട്രീയത്തിലെ പ്രബല പാര്‍ട്ടികളില്‍ വിഭാഗീയതയും ചേരിപ്പോരും നിലനില്‍ക്കുന്നതിനാല്‍ തന്നെ പുതിയ ഒരു പാര്‍ട്ടി തമിഴ് രാഷ്ട്രീയത്തിന്റെ അനിവാര്യതയാണെന്നാണ് വിലയിരുത്തലുകള്‍. അഴിമതിക്കെതിരെയുള്ള കമല്‍ ഹാസന്റെ പോരാട്ടത്തിന് ലഭിക്കുന്ന ജനപിന്തുണ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനുള്ള ശുഭ സൂചനയാണെന്നും വിലയിരുത്തലുകളുണ്ട്. 

ഇത് സംബന്ധിച്ച അഭിപ്രായങ്ങള്‍ ആരായുന്നതിനായി നിരവധി പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി സെപ്റ്റംബര്‍ ഒന്നിന് കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. 

കേവലം തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പാര്‍ട്ടിക്കല്ല താന്‍ രൂപം നല്‍കുന്നതെന്നും. ജനങ്ങളെ രാ്ഷ്ട്രീയത്തില്‍ പങ്കെടുപ്പിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം മുമ്പ് അറിയിച്ചിരുന്നു. 

പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്നോടിയായി സെപ്റ്റംബര്‍ 15,16 തീയതികളില്‍ ചെന്നൈ, കോഴിക്കോട് എന്നിവിടങ്ങളില്‍ നടക്കുന്ന പൊതുപരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍, കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് പുതിയ വിവരം.