ഭാരത് ജോഡോ യാത്രയിൽ രാഹുലിനൊപ്പം കമൽ ഹാസൻ (ഫയൽ) |ഫോട്ടോ:ANI
ചെന്നൈ: ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം പിന്തുണ പ്രഖ്യാപിച്ചു. ഡി.എം.കെ. സഖ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ.വി.കെ.എസ്. ഇളങ്കോവന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നാണ് കമല്‍ഹാസന്‍ അറിയിച്ചിരിക്കുന്നത്. കമല്‍ഹാസനോട് നന്ദിയറിയിക്കുന്നതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രതികരിക്കുകയും ചെയ്തു.
പുതിയനീക്കത്തോടെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍നീതി മയ്യം യു.പി.എ. സഖ്യത്തില്‍ ചേരുന്നതിനുള്ള സാധ്യതയേറി. ഒരുവര്‍ഷത്തിനുശേഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യത്തെക്കുറിച്ച് ഇപ്പോള്‍ തീരുമാനിക്കാന്‍ സാധിക്കില്ലെന്ന് കമല്‍ പറഞ്ഞു. രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി ചില പാര്‍ട്ടികളുമായുള്ള ഭിന്നത മറക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നിരുപാധിക പിന്തുണയാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിഎ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ കമല്‍ഹാസന്‍ താത്പര്യം അറിയിച്ചതായാണ് വിവരം. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും ഈറോഡിലെ സ്ഥാനാര്‍ഥിയുമായ ഇളങ്കോവനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കമല്‍ഹാസന്‍ പിന്തുണ അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായും കമല്‍ ഹാസന്‍ ചില രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
ഡി.എം.കെ.യുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചാല്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പില്‍ കമല്‍ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് ഇതിനുതയ്യാറായില്ല. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ.യെയും ഡി.എം.കെ.യെയും എതിര്‍ത്ത് മത്സരിച്ച മക്കള്‍ നീതി മയ്യത്തിന് ഒരുസീറ്റുപോലും നേടാന്‍ കഴിഞ്ഞില്ല. രാഹുല്‍ഗാന്ധിയുമായി നല്ല ബന്ധം പുലര്‍ത്തുന്ന കമല്‍ഹാസന്‍, ഡല്‍ഹിയില്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തിരുന്നു.
ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ തേടി ഇളങ്കോവന്‍ കഴിഞ്ഞദിവസം കമലിനെ കണ്ടിരുന്നു. ബുധനാഴ്ചചേര്‍ന്ന മക്കള്‍നീതി മയ്യം നിര്‍വാഹകസമിതിയിലാണ് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്.
യു.പി.എ. സഖ്യത്തില്‍ തമിഴ്നാട്ടിലെ വലിയകക്ഷിയായ ഡി.എം.കെ. കമലിനെ സ്വീകരിക്കാന്‍ തയ്യാറാണ്. കമല്‍ഹാസന്‍ മത്സരിക്കുകയാണെങ്കില്‍ ലോക്സഭാതിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന് ഒരുസീറ്റ് നല്‍കാനും ഡിഎംകെ മടികാണിച്ചേക്കില്ല.
Content Highlights: Kamal Haasan’s MNM to back Congress-Erode bypoll-one step closer to joining DMK alliance
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..