ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ പ്രഖ്യാപനത്തിനെതിരെ കമല്‍ ഹാസന്‍. 'ഇതുവരെ പുറത്തിറങ്ങാത്ത വാക്‌സിനെക്കുറിച്ചാണ് നിങ്ങള്‍ പറയുന്നത്. ജീവന്‍ രക്ഷിക്കാനുള്ള മരുന്നാണ് വാക്‌സിന്‍. അല്ലാതെ വെറുതെ പറയാനുള്ളതല്ല'- കമല്‍ ഹാസന്‍ പറഞ്ഞു. 

ജനങ്ങളുടെ ദാരിദ്ര്യവുമായി കളിക്കുന്നത് നിങ്ങള്‍ക്ക് പതിവാണ്. എന്നാല്‍ അവരുടെ ജീവിതവുമായി കളിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെട്ടാല്‍ നിങ്ങളുടെ രാഷ്ട്രീയ ജീവിതം അവര്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോവിഡ് വാക്സിന്‍ വിതരണത്തിനെത്തിയാല്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയില്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുമെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെയും വാഗ്ദാനം. ബിജെപിയുടേയും സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യുടെയും ഈ പ്രഖ്യാപനത്തിനതിരെയാണ് കമല്‍ ഹാസന്‍ രംഗത്തെത്തിയത്. 

Content Highlights:  Kamal Haasan On BJP's "Free Vaccine" Promise